ഓപ്പേറഷന്‍ സിന്ദൂറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സേനയുടെ നടപടി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സേനയില്‍ അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ.

അവരുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സേനയ്ക്കും സര്‍ക്കാരിനുമൊപ്പം ഉറച്ചുനിന്നു. ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു. ദേശീയ ഐക്യവും ഐക്യദാര്‍ഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നമ്മുടെ സായുധ സേനയ്ക്കൊപ്പം നില്‍ക്കുന്നു. ദേശീയ താല്‍പ്പര്യമാണ് തങ്ങള്‍ക്ക് പരമപ്രധാനമെന്നും ഖര്‍ഗെ എക്‌സില്‍ കുറിച്ചു.

ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും കോണ്‍ഗ്രസ് ഇന്ത്യയുടെ സായുധ സേനയ്ക്കൊപ്പമാണെന്നും ജയറാം രമേശ് എംപി പറഞ്ഞു. സേനയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കുറിച്ചു.

പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തെ സ്വാഗതം ചെയ്ത് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസിയും രംഗത്തെത്തി. ‘പാകിസ്താനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കാതിരിക്കാന്‍ പാകിസ്താനെ പാഠം പഠിപ്പിക്കണം. പാകിസ്താന്റെ ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കണം. ജയ് ഹിന്ദ്’ എന്നാണ് ഉവൈസി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *