കള്ളക്കേസില്‍ പ്രതിയാക്കിയതില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയി; അവിടെ വലിയ അവഗണന നേരിട്ടതായി യുവതി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ക്രൂരതയ്ക്ക് ഇരയായ ദളിത് യുവതി ബിന്ദു. കള്ളക്കേസില്‍ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയപ്പോഴാണ് അവഗണന നേരിട്ടതെന്ന് ബിന്ദു പറഞ്ഞു. പരാതി നല്‍കാന്‍ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നു.

പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാനാണ് പറഞ്ഞത്. മാല മോഷണം പോയാല്‍ വീട്ടുകാര്‍ പരാതി നല്‍കിയാല്‍ പൊലീസ് വിളിപ്പിക്കുമെന്നാണ് പറഞ്ഞത്. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അവഹേളനം നേരിട്ടതെന്നും ബിന്ദു പറഞ്ഞു. പലരീതിയില്‍ ബന്ധപ്പെട്ട് മുന്‍കൂറായി അനുമതി വാങ്ങിയശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ അനുമതി ലഭിക്കുകയെന്നിരിക്കെ അത്തരത്തില്‍ അഭിഭാഷകനൊപ്പം പരാതി നല്‍കാന്‍ പോയ ദളിത് യുവതിയ്ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മോശം അനുഭവമുണ്ടായത്.

ഞാനും വക്കീലും കൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും അപ്പോള്‍ പരാതി വായിച്ചുപോലും നോക്കാതെ അവിടെയുണ്ടായിരുന്ന സാര്‍ പൊലീസ് വിളിപ്പിക്കുമെന്ന് പറയുകയായിരുന്നുവെന്നും പി ശശിയെന്നയാള്‍ക്കാണ് പരാതി നല്‍കിയെന്നും ബിന്ദു പറഞ്ഞു. താന്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഓഫീസിലൊക്കെ പോകുന്നതെന്നും ബിന്ദു പറഞ്ഞു.

തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് ജോലി ചെയ്യുന്ന വീട്ടിലെ സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെണ്‍മക്കളെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാര്‍ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവന്‍ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞു. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *