കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം പാർട്ടിവിട്ട് ബിജെപിയിൽ

ഇടുക്കി: പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയിൽ ചേ‌ർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. വഖഫ് വിഷയത്തിലെ കോൺഗ്രസ് നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാ‌ർട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം വ്യക്തമാക്കി. കട്ടപ്പനയിൽ നടക്കുന്ന ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിലാണ് ബെന്നി പാർട്ടി അംഗത്വം സ്വീകരിച്ചത്.

പരിപാടി രാജീവ് ചന്ദ്രശേഖറാണ് ഉദ്ഘാടനം ചെയ്തത്. ‘2004 മുതൽ 2014വരെ കോൺഗ്രസ് രാജ്യം ഭരിച്ചപ്പോൾ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത വിലക്കയറ്റം, തൊഴിലില്ലായ്‌മ, അഴിമതി എന്നിവയാണ് ഉണ്ടായത്. കഴിഞ്ഞ ഒൻപത് വർഷം സംസ്ഥാനത്ത് സിപിഎമ്മിനെ ജനം വിശ്വസിച്ചു. ഇപ്പോൾ കടം വാങ്ങാതെ സമാധാനത്തോടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയായി. തൊഴിലില്ലായ്‌മ വർദ്ധിച്ചു. മലയോര ജനതയെ സംസ്ഥാന സർക്കാർ ശത്രുക്കളായാണ് കാണുന്നത്’- രാജീവ് ചന്ദ്രശേഖർ പ്രസംഗത്തിൽ പറഞ്ഞു.വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞമാസമാണ് ബെന്നി പെരുവന്താനം കോൺഗ്രസിൽ നിന്ന് രാജിവച്ചത്. കുറച്ചുനാളുകളായി ക്രിസ്‌ത്യൻ വിരുദ്ധ നിലപാടാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു. വഖഫ് വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നിലപാട് വ്യക്തമാക്കുന്നില്ല. കോൺഗ്രസ് എംപിമാർക്ക് കേന്ദ്രത്തിലും കേരളത്തിലും രണ്ട് നിലപാടാണ്. കോൺഗ്രസ് വഖഫ് ബില്ലിനെ എതിർക്കാൻ പാടില്ലെന്നും രാജിവച്ചതിനുപിന്നാലെ ബെന്നി പെരുവന്താനം പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *