പി വി അന്‍വറിനെതിരെ നിലപാട് കടുപ്പിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

പി വി അന്‍വറിനെതിരെ നിലപാട് കടുപ്പിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പി വി അൻവർ എതിര്‍ത്താല്‍ അതിനെ എങ്ങനെ അംഗീകരിക്കുമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു.

താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയത്. എഐസിസി പരിശോധിച്ച ശേഷം ഹൈക്കമാന്‍ഡ് പ്രഖ്യാപനം നടത്തി. അതിനെയാണ് അന്‍വര്‍ എതിര്‍ത്തത്.

യുഡിഎഫിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി ഹൈക്കമാൻഡിന്റെ തീരുമാനം എതിര്‍ത്താല്‍ അതിനെ എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്ന് അന്‍വര്‍ മറുപടി പറയണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ അന്‍വറിന് അതിനോട് യോജിക്കാന്‍ കഴിയണമെന്ന് സണ്ണി ജോസഫ് പറഞ്ഞു. കെ സി വേണുഗോപാല്‍ എല്ലാ കാര്യങ്ങളും മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *