മന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടി

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ നടപടിയെടുക്കാൻ നിർദ്ദേശം,​ ഇന്ന് ചേർന്ന സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മൂന്നു ദിവസത്തിനകം ബന്ധപ്പെട്ട പാർട്ടി ഘടകങ്ങൾ നടപടിയെടുത്ത് റിപ്പോ‌ർട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശം നൽകി.

ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗം എൻ. രാജീവ്,​ ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ എന്നിവരാണ് വീണാ ജോർജിനെ പരിഹസിച്ചും വിമർശിച്ചും പോസ്റ്റിട്ടത്. ഈ മാസം 10ന് എൽ.ഡി.എഫ് വിശദീകരണ യോഗം ചേരും. ആരോഗ്യമന്ത്രിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ആറൻമുള മണ്ഡലത്തിൽ എൽ.ഡി.എഫ് യോഗം ചേരും. എല്ലാ പഞ്ചായത്തുകളിലും റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.