ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം തുടരും: രമേശ് ചെന്നിത്തല

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഈ വിഷയത്തെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. ദുരന്തത്തിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണം. എന്താണ് സംഭവിച്ചത് എന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. പാവപെട്ട രോഗികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയാല്‍ അവര്‍ക്ക് മരുന്ന് കുറിച്ച് കൊടുക്കും. സാധാരണക്കാര്‍ പണം ഉണ്ടാക്കി കൊണ്ടുവന്നിട്ട് വേണം പിന്നീട് മരുന്ന് വാങ്ങാന്‍. എല്ലാ പാവങ്ങള്‍ക്കും അമേരിക്കയില്‍ പോയി ചികില്‍സിക്കാന്‍ കഴിയില്ലാലോയെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

10 വര്‍ഷമായി എല്ലാം നന്നാക്കാം എന്ന് പറഞ്ഞവര്‍ എന്താണ് ചെയ്തത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന് പോകുന്നവര്‍ മൂക്കില്‍ പഞ്ഞിവെച്ച് തിരിച്ചെത്തുന്ന സ്ഥിതിയാണ് കാണാന്‍ കഴിയുന്നത്. എല്ലാ മെഡിക്കല്‍ കോളജുകളുടെയും അവസ്ഥ ദയനീയമാണ്എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞവരാണിപ്പോള്‍ ആളുകളെ ശെരിയാക്കികൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

വെളുപ്പിന് ആറുമണിക്ക് മന്ത്രി വീണാ ജോര്‍ജ് ബിന്ദുവിന്റെ വീട്ടില്‍ പോയത് പ്രതിഷേധത്തെ ഭയന്ന് തന്നെയാണെന്ന് രമേശ് ചെന്നിത്തല ഇന്നും ആവര്‍ത്തിച്ചു. മന്ത്രിക്ക് ധൈര്യമുണ്ടായിരുന്നുവെങ്കില്‍ പകല്‍ വെളിച്ചത്തില്‍ ബിന്ദുവിന്റെ വീട്ടിലേക്ക് പോകണമായിരുന്നു. അതിന്റെ അര്‍ത്ഥം എല്ലാവര്‍ക്കും മനസിലാകും. കെട്ടിടം ഇടിഞ്ഞു വീഴുന്നതും ഒരാള്‍ മരിക്കുന്നതും ഒന്നും പ്രതിപക്ഷത്തിന്റെ നുണപ്രചരണം അല്ല. കെട്ടിടം മാത്രമല്ല ഗവണ്‍മെന്റ് തന്നെ ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചത് വിമര്‍ശിച്ച രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി. ഏഴ് മണി ഞങ്ങളുടെ നാട്ടിലൊക്കെ പകല്‍ തന്നെയാണ്, കേരളത്തിലെ മറ്റ് നാട്ടില്‍ എങ്ങിനെയാണെന്ന് തനിക്ക് അറിയില്ലെന്ന് മന്ത്രി ട്വന്റി ഫോറിനോട് പറഞ്ഞു.