സംസ്ഥാനത്ത് വീണ്ടും കാലവർഷം കനക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം കനക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 16-ാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

കേരളാ തീരത്ത് ഇന്ന് 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് ഇന്ന് കേരള തീരത്ത് വിലക്കാണ്. ബുധനാഴ്ചയും തീവ്ര മഴ സാദ്ധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെയാണ് മഴ വീണ്ടും സജീവമാകുന്നത്.