സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

കൊല്ലം തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെഎസ്ഇബി വിശദമായ അന്വേഷണം നടത്തും. മൂന്ന് മണിയോടെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം രണ്ട് ഏജന്‍സികള്‍ അന്വേഷിക്കും. വിശദമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം ഇലക്ട്രിക്കല്‍ സര്‍കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്കും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്റര്‍ക്കും വൈദ്യുതി വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്റര്‍ സ്വതന്ത്ര അന്വേഷണമാണ് നടത്തുക.
അതേസമയം കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ മിഥുനാണ് മരിച്ചത്. സ്‌കൂളിന് മുകളില്‍ കൂടി വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു.