സ്‌കൂളുകളിലെ സമയമാറ്റം; വിവിധ സംഘടനകളുമായി ബുധനാഴ്ച ചര്‍ച്ച

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ചര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകള്‍ ശക്തമായി എതിര്‍ത്തിരുന്നു. സമരം അടക്കം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം,

പഠന സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ച് രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാക്കിയതാണ് പ്രധാനമായും കേരളത്തില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങള്‍ എന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.

പുതിയ സമയക്രമം മദ്രസാ പഠനത്തെ ബാധിക്കുമെന്നും മത വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നും ആരോപിച്ചാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഓഗസ്റ്റ് 5-ന് എല്ലാ ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും സെപ്റ്റംബര്‍ 30-ന് സെക്രട്ടേറിയറ്റിന് മുന്നിലും ധര്‍ണ്ണ നടത്തുമെന്ന് സമസ്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.