കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചകള്‍ തുടങ്ങി,ഡിസിസിയിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചകള്‍ തുടങ്ങി. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ടീം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവരെ കണ്ടു.
കെപിസിസി മുന്‍ പ്രസിഡന്റുമാരുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. പ്രവര്‍ത്തകസമിതിയിലെ മറ്റംഗങ്ങളെയും എംപിമാരെയും വരും ദിവസങ്ങളില്‍ കാണും. പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരാണ് നേതാക്കളുടെ അഭിപ്രായം തേടുന്നത്.
കെപിസിസി ഭാരവാഹികളിലും ഡിസിസി പ്രസിഡന്റുമാരിലും വരുത്തേണ്ട മാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചയാണ് ആരംഭിച്ചിരിക്കുന്നത്. കെപിസിസിയില്‍ നിലവിലുള്ള ഇളവുകള്‍ നികത്തുന്നതിനൊപ്പം ഏതാനും ഭാരവാഹികളെ അധികമായി വയ്ക്കാമെന്ന കെപിസിസിയുടെ നിര്‍ദേശത്തിനു സ്വീകാര്യത ലഭിച്ചു. വൈസ് പ്രസിഡന്റുമാര്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും ഒപ്പം കെപിസിസി സെക്രട്ടറിമാരെ കൂടി നിയമിക്കാമെന്നും ധാരണയായി. എണ്ണം സംബന്ധിച്ചു ധാരണയായിട്ടില്ല. അതേസമയം, ഡിസിസികളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് ഏകാഭിപ്രായം രൂപപ്പെട്ടിട്ടില്ല.
സമീപകാലത്ത് മാത്രം നിയമിതനായ തൃശൂര്‍ ഡിസിസി പ്രസിഡന്റ് ഒഴിച്ച് എല്ലാവരെയും മാറ്റണമെന്ന വാദം ഒരു ഭാഗത്തും കാര്യക്ഷമമായി ഡിസിസികളെ നയിക്കുന്ന ഏതാനും പേരെ നിലനിര്‍ത്തി ബാക്കി അഴിച്ചുപണി വേണമെന്ന വാദം മറുഭാഗത്തുമുണ്ട്. കുറച്ചു പേരെ നിലനിര്‍ത്തിയാല്‍ മാറുന്നവര്‍ മോശക്കാരായി ചിത്രീകരിക്കപ്പെടുമെന്ന് വാദിക്കുന്നവരുണ്ട്. നന്നായി പ്രവര്‍ത്തിച്ചിട്ടും ഒഴിവാക്കപ്പെടുന്നത് അവരോട് കാട്ടുന്ന അനീതിയല്ലേ എന്നു തിരിച്ചു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. രണ്ടഭിപ്രായം ഉയരുന്നതിന്റെ ആശയക്കുഴപ്പം കെപിസിസിക്കു മുന്നിലുമുണ്ട്.
കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന ആന്റോ ആന്റണി, ബെന്നി ബഹനാന് എന്നിവര്‍ക്ക് സംഘടനാ പദവികള്‍ നല്‍കണമെന്ന നിര്‍ദേശവും കെപിസിസി, എഐസിസി നേതൃത്വങ്ങള്‍ക്ക് മുന്നിലുണ്ട്. കെ.സുധാകരന് കെപിസിസി പ്രസിഡന്റായപ്പോള്‍ അദ്ദേഹത്തിനൊപ്പം പരിഗണിക്കപ്പെട്ട പി.ടി.തോമസിനെയും കൊടിക്കുന്നില്‍ സുരേഷിനെയും വര്‍ക്കിങ് പ്രസിഡന്റുമാരാക്കിയിരുന്നു.
എന്നാല്‍ സണ്ണിക്കൊപ്പം അവസാന പട്ടികയില്‍ വന്നവര്‍ക്ക് ആ പരിഗണന കിട്ടിയില്ലെന്നതാണ് ഇവര്‍ക്ക് അനുകൂലമായ വാദം.ആന്റോയെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായും ബെന്നിയെ എഐസിസിയിലേക്കും പരിഗണിക്കുമെന്ന പ്രചാരണം ഉണ്ടെങ്കിലും സ്ഥിരീകരിക്കുന്ന തലത്തിലേക്ക് ആ ചര്‍ച്ച എത്തിയിട്ടില്ല
തരൂരിനെ വിലക്കാന്‍ ഇവിടെ തീരുമാനമില്ല

തിരുവനന്തപുരം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് ഇടഞ്ഞു നില്ക്കുന്ന ശശി തരൂരിന് കേരളത്തില്‍ വേദി കൊടുക്കില്ലെന്ന തരത്തിലുള്ള ചില നേതാക്കളുടെ പ്രതികരണങ്ങള്‍ ഏറ്റെടുക്കാതെ കെപിസിസി.അങ്ങനെ ഒരു തീരുമാനമോ നിര്‍ദേശമോ ഉണ്ടായിട്ടില്ലെന്ന് കെപിസിസി വൃത്തങ്ങള്‍ പറഞ്ഞു. തരൂരിനെ തിരുവനന്തപുരത്തെ ഒരു പാര്‍ട്ടി പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ.മുരളീധരന് പ്രഖ്യാപിച്ചിരു ന്നു. കൊച്ചിയില്‍ തരൂര്‍ ഉണ്ടായിരുന്ന ദിവസം അവിടെ നടന്ന പാര്‍ട്ടി പരിപാടികളിലേക്ക് അദ്ദേഹത്തെ പരിഗണിച്ചുമില്ല. പ്രവര്‍ത്തകസമിതി അംഗമായ തരൂരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ടതാണെന്ന കാഴ്ചപ്പാടാണ് കെപിസിസിയുടേത്