മഴ ഭീഷണിയിൽ കേരളം ; നാല് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴ

അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ (5.8 കി.മി) ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിന് വീണ്ടും മഴ ഭീഷണി. ഇന്ന് മുതൽ നാല് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിൽ തന്നെ ഓഗസ്റ്റ് 5 ന് സംസ്ഥാനത്ത് അതിതീവ്ര മഴക്കുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അടുത്ത 4 ദിവസവും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ തമിഴ്നാടിനും മന്നാർ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ (5.8 km) ചക്രവാതച്ചുഴി രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 5 ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ആഗസ്റ്റ് 03 മുതൽ 06 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ആഗസ്റ്റ് 02 മുതൽ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.