‘വോട്ട് മോഷണ’ത്തിനെതിരെ റാലിയുമായി രാഹുൽ ​ഗാന്ധി

വോട്ട് മോഷണത്തിനെതിരെ റാലിയുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ ​ഗാന്ധി സംസാരിച്ചത്. നമ്മുടെ രാഷ്ട്രനേതാക്കളുടെ ഭാവിവീക്ഷണം ഭരണഘടനയിൽ പ്രതിഫലിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാനം ഒരാൾക്ക് ഒരു വോട്ട് എന്നതാണെന്നും രാ​ഹുൽ ​ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റു. മഹാരാഷ്ട്ര ലോക്സഭയിൽ കോൺ​ഗ്രസ് അടങ്ങുന്ന സഖ്യം നേട്ടമുണ്ടാക്കിയത് നമ്മൾ കണ്ടു. നാല് മാസത്തിനകം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കി. ലോക്സഭയിൽ വോട്ട് ചെയ്യാതിരുന്ന ഒരു കോടി ആളുകൾ നിയമസഭയിൽ വോട്ട് ചെയ്തുവെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി

നമ്മുടെ സഖ്യത്തിന് വോട്ട് കുറഞ്ഞില്ല. ലോക്സഭയിലും നിയമസഭയിലും ഒരേ ശതമാനം വോട്ട് കിട്ടി. പുതുതായി വോട്ട് ചെയ്തവർ അത്ഭുതകരമായി ബിജെപിക്ക് വോട്ട് ചെയ്തു. അന്ന് തന്നെ ഇതിൽ ക്രമക്കേട് ഉണ്ടെന്ന് തങ്ങൾക്ക് തോന്നിയിരുന്നുവെന്നും രാഹുൽ ​ഗാന്ധി. കർണാടകയിൽ 16 സീറ്റെങ്കിലും കിട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ ജയിച്ചത് 9 എണ്ണത്തിൽ മാത്രമാണ്. ഞങ്ങൾ തോറ്റതോ തോൽപിക്കപ്പെട്ടതോയെന്നും രാഹുൽ ​ഗാന്ധി ചോദിച്ചു. ബൂത്തുകളിലെ സിസിടിവി ദൃശ്യം ചോദിച്ചു, സോഫ്റ്റ് കോപ്പി ആയി രേഖകൾ ചോദിച്ചു, കിട്ടിയില്ലെന്നും രാഹുൽ ​ഗാന്ധി വെളിപ്പെടുത്തി.

ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾ രാഹുൽ ​ഗാന്ധി ആവർത്തിച്ചു. ബംഗലൂരു സെൻട്രൽ മണ്ഡലത്തിൽ വ്യാപകമായ ക്രമക്കേട് നടന്നു. ഇരട്ട വോട്ടുകൾ, ഇല്ലാത്ത മേൽവിലാസം, ഒറ്റ വിലാസത്തിൽ നൂറിലധികം വോട്ടർമാർ, വാലിഡ് അല്ലാത്ത ഫോട്ടോകൾ, ഫോം 6- ൻ്റെ ദുരുപയോഗം എന്നിവ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ആരോപണങ്ങൾ ആവർത്തിച്ചത്. ഒരേ ആൾ കർണാടകയിൽ വോട്ട് ചെയ്ത പിന്നാലെ യുപിയിൽ പോയി വോട്ട് ചെയ്യുമോയെന്നും രാഹുൽ ചോദിച്ചു.