സുരേഷ് ഗോപിയെ വിജയിപ്പിച്ച വോട്ടർമാരെയാണ് സിപിഎമ്മും കോൺഗ്രസും അപമാനിക്കുന്നത്: രാജീവ് ചന്ദ്രശേഖർ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ച സിപിഎമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്താനാണ് ലക്ഷ്യമെങ്കില്‍ ബിജെപിക്ക് അത് അനുവദിക്കാനാവില്ല.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണ്. കേന്ദ്രമന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനവ്യാപകമായി ‘ജനാതിപത്യ സംരക്ഷണ’ പ്രഷോപ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഘര്‍ഷത്തിന്റെ ഭാഷയിലേക്ക് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ ഉത്തരവാദിത്വം സിപിഎമ്മിന് മാത്രമായിരിക്കും. ജനാധിപത്യപരമായ സമരങ്ങളെ ബിജെപി അംഗീകരിക്കും, എന്നാല്‍ അതിന്റെ മറവില്‍ അക്രമം അഴിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍, സിപിഎമ്മിന്റെ യഥാര്‍ഥ മുഖം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപി തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച നുണപ്രചാരണം ഏറ്റുപിടിച്ച് ബിജെപിക്കെതിരെ കായികപരമായ അക്രമം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍, അത് അനുവദിക്കില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച തൃശൂരിലെ വോട്ടര്‍മാരെയാണ് സിപിഎമ്മും കോണ്‍ഗ്രസും അപമാനിക്കുന്നത്. ഇത്തരം പ്രതിഷേധനാടകങ്ങള് അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപിക്കും ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.