ആരാകും ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതി ? തെരഞ്ഞെടുപ്പ് നാളെ

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ പ്രതിപക്ഷ എംപിമാര്‍ ഇന്ന് യോഗം ചേരും. വോട്ടു ചെയ്യേണ്ട വിധം അടക്കം നേതാക്കള്‍ എംപിമാരോട് വിശദീകരിക്കും. ഇന്ത്യ സഖ്യം എംപിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടില്‍ രാത്രി അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്.

ഇന്നലെ ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥി ബി സുദര്‍ശന്‍ റെഡ്ഡി എല്ലാ എംപിമാരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ച് വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യസഭയെ സംവാദത്തിനുള്ള യഥാര്‍ത്ഥ വേദിയാക്കി മാറ്റുമെന്നും പാര്‍ലമെന്ററി സമിതികളെ രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍നിന്നും മുക്തമാക്കുമെന്നുമാണ് സുദര്‍ശന്‍ റെഡ്ഡി പറഞ്ഞത്.

എന്‍ഡിഎ എംപിമാരും ഇന്ന് യോ?ഗം ചേര്‍ന്നേക്കും. ആകെ 783 എംപിമാരില്‍ എന്‍ഡിഎയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരും ആണ് നിലവില്‍ ഉള്ളത്. ബിജു ജനതാദള്‍, ബിആര്‍എസ് എന്നീ കക്ഷികള്‍ നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.