പി സരിനെതിരായ ആരോപണം; ട്രാൻസ്ജെൻഡർ രാഗ രജനിക്ക് നോട്ടീസ് അയച്ച് സൗമ്യ സരിൻ

ഡോക്ടർ പി സരിനെതിരെ ആരോപണമുന്നയിച്ച ട്രാൻസ്ജെൻഡർ രാഗ രജനിക്ക് നോട്ടീസ് അയച്ചെന്ന് സരിന്റെ ഭാര്യ സൗമ്യ സരിൻ. കാര്യങ്ങൾ സാമാന്യവൽക്കരിക്കാൻ ഉള്ള നീക്കം അനുവദിക്കില്ല. നിയമനടപടി തുടരുമെന്നും സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു പൊതു പ്രവർത്തകന് എതിരെ ആരോപണങ്ങൾ വരാം. പക്ഷെ അവർ അത് നേരിടുന്ന രീതി ആണ് വിലയിരുത്തപ്പെടേണ്ടതെന്ന് പോസ്റ്റിൽ സൗമ്യ പറയുന്നു.

സരിന്റെ ഭാര്യ സൗമ്യ സരിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഗ രഞ്ജിനി സമൂഹ​മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ലൈം​ഗികാരോപണം ഉന്നയിച്ചത്. ആരോപണത്തെ തള്ളി സൗമ്യ നേരത്തെ തന്നെ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. കേസുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയാണ് സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സൗമ്യ സരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞങ്ങൾ മാനനഷ്ടത്തിന് നോട്ടിസ് അയച്ചു!

ഓണത്തിരക്കൊക്കെ ഒന്ന് ഒതുങ്ങിയ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് വരാം. എന്റെ ഭർത്താവ് ഡോ. പി സരിന് എതിരെ ചില ആരോപണങ്ങൾ ഉന്നയിച്ച ട്രാൻസ്‌ജെൻഡേർ വ്യക്തിക്ക് കഴിഞ്ഞ ശനിയാഴ്ച ( 06/09/2025) തന്നെ ഞങ്ങൾ വക്കീൽ വഴി മാനനഷ്ട നോട്ടിസ് അയച്ചു. നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനം.

ഈ ആരോപണം അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത സാഹചര്യവും അത് ഏറ്റെടുത്തു ആഘോഷിക്കുന്നവരുടെ ഉദ്ദേശവും എന്താണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസ്സിലാകും.