കളക്ഷനിൽ കുതിച്ച് കാന്താര; രണ്ടാം ദിനം 100 കോടി ക്ലബ്ബിൽ

ദൃശ്യ വിസ്മയത്താൽ തീർത്ത ‌‌ഒരു ​ഗംഭീര തിയറ്റർ അനുഭവം ആണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. പാൻ ഇന്ത്യൻ റിലീസ് ആയെത്തിയ കാന്താര രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്. മിത്തോളജിയും ഫാന്റസിയും എല്ലാം കോർത്തിണക്കിയാണ് കാന്താര ഒരുക്കിയിരിക്കുന്നത്.

ഓപ്പണിങ് ദിനത്തിൽ തന്നെ ഇന്ത്യയിൽ നിന്ന് മാത്രമായി 61.85 കോടി കളക്ഷൻ ചിത്രം നേടിയിരുന്നു. കന്നഡയിൽ നിന്ന് 19.6 കോടി, തെലുങ്കിൽ നിന്ന് 13 കോടി, ഹിന്ദിയിൽ നിന്ന് 18.5 കോടി, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടിയുമാണ് ചിത്രം ആദ്യ ദിനം കളക്ട് ചെയ്തത്. 45 കോടി രൂപയാണ് രണ്ടാം ദിനത്തിൽ ചിത്രം നേടിയത്.

ആകെ മൊത്തം രണ്ട് ദിവസം കൊണ്ട് 106 കോടി ചിത്രം കളക്ട് ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തിന് വൻ കയ്യടിയാണ് ലഭിക്കുന്നത്. രാജശേഖര എന്ന രാജാവിന്റെ വേഷത്തിലാണ് ചിത്രത്തിൽ ജയറാമെത്തിയത്. രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നായികയായെത്തിയത്.

കാന്താരയുടെ വിജയം നടൻ ജയസൂര്യയ്ക്കൊപ്പമാണ് ഋഷഭ് ഷെട്ടി ആഘോഷിച്ചത്. ഒരത്യാവശ്യത്തിനായി കൊച്ചിയിലെത്തിയപ്പോഴാണ് ഋഷഭ് ഷെട്ടിയുടെ വീട്ടിലേക്ക് ജയസൂര്യ എത്തിയത്. ‘കാന്താര’യുടെ വലിയ വിജയം ആഘോഷിക്കാൻ ജയസൂര്യയും കുടുംബവും ചേർന്ന് ഒരു കേക്ക് ഒരുക്കിയിരുന്നു.