മൂന്നര വയസ്സുള്ള കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം

എറണാകുളം വടക്കന്‍ പറവൂരില്‍ മൂന്നര വയസ്സുള്ള കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം. കളിച്ചുകൊണ്ടിരുന്ന നിഹാര എന്ന കുട്ടിയുടെ ചെവിയില്‍ തെരുവ് നായ കടിക്കുകയും കുട്ടിയെ മറിച്ചിടുകയും ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ കുട്ടിയുടെ ഏകദേശം ഒരു ഇഞ്ചോളം ചെവിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഭാഗികമായി അടര്‍ന്നുപോകുകയും ചെയ്തിട്ടുണ്ട്.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. മൂന്ന് തെരുവ് നായകള്‍ കൂട്ടമായി ചാടിയെത്തിയതില് ഒരെണ്ണമാണ് കുട്ടിയെ ആക്രമിച്ചത്. ഉടന്‍ തന്നെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
ചെവിയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് പേവിഷബാധ പ്രതിരോധത്തിനായി അഞ്ച് ഇന്‍ജക്ഷനുകള്‍ നല്‍കിയിട്ടുണ്ട്.നിലവില്‍ കുട്ടിയെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സ പുരോഗമിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ നായയെ ചത്തനിലയില്‍ കണ്ടെത്തിയതോടെ പേവിഷബാധ (റാബീസ് വൈറസ്) സംശയം ശക്തമായി. നായയുടെ ശരീരം പരിശോധനയ്ക്കായി അയക്കുമെന്ന് മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു.
കുട്ടിയുടെ ആരോഗ്യനില താല്‍ക്കാലികമായി സ്ഥിരമാണെങ്കിലും പേവിഷബാധ സംശയമുള്ള സാഹചര്യത്തില്‍ അടുത്ത ദിവസങ്ങള്‍ നിര്‍ണായകമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.