തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് പുരയിൽ വൻ സ്‌ഫോടനം; അ‌ഞ്ച് മരണം

തൃശൂർ: തൃശൂർപൂരത്തിനായുള്ള വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ അ‌ഞ്ച് മരണം. നാൽപതിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. കിലോമീറ്ററുകൾ ദൂരത്തേയ്‌ക്ക് പോലും വൻസ്‌ഫോടനശബ്ദം കേട്ടതായാണ് റിപ്പോർട്ട്. ഒട്ടേറെ തൊഴിലാളികൾ ഇവിടെ ജോലിചെയ്‌തിരുന്നതായാണ് വിവരം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസുള്ളത് മുണ്ടത്തിക്കോട് സതീശന്റെ പേരിലാണ്. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴി ചെറുതായതിനാൽ ഫയർഫോഴ്‌സിന് ഇവിടേയ്‌ക്കെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കി. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്.

വലിയൊരു പാടശേഖരത്തിന്റെ കരയിലായാണ് വെടിക്കെട്ട് നിർമ്മാണശാല സ്ഥിതിചെയ്‌തിരുന്നത്. സ്‌ഫോടനത്തെ തുടർന്ന് ഈ പാടശേഖരത്തിലേക്ക് പടക്കങ്ങൾ തെറിച്ചുവീണ് പൊട്ടാൻ തുടങ്ങി. ഉഗ്രസ്‌ഫോടനത്തെ തുടർന്ന് അവശിഷ്‌ടങ്ങൾ ദൂരേക്ക് തെറിച്ചുവീണു പൊട്ടിത്തെറിക്കുന്ന ഭീകരസാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ മറ്റാരെയും ഉള്ളിലേക്ക് കടത്തിവിടുന്നില്ല. തീ അണച്ചതിനുശേഷം മാത്രമേ പരിക്കേറ്റവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കാനാകൂ. സ്‌ഫോടനം നടന്ന സമയത്ത് പടക്കശാലയിൽ ഉണ്ടായിരുന്നവരിൽ പലരും ഓടിരക്ഷപ്പെട്ടതായാണ് വിവരം.സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കണമെന്നാണ് നിർദേശം. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.