നെന്മാറ സജിത വധക്കേസ്; ചെന്താമര കുറ്റക്കാരനാണെന്ന് കോടതി

പാലക്കാട് നെന്മാറ സജിത വധക്കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ച് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി. മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിക്കുക. എന്തെങ്കിലും പറയാന്‍ ഉണ്ടോയെന്ന് ചോദിച്ച കോടതിയോട് ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു.
യാതൊരു ഭയമില്ലാതെയും കൂസലില്ലാതെയുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയുള്ള കോടതി വിധി ചെന്താമര കേട്ടുനിന്നത്. രാവിലെ കോടതിയില്‍ എത്തിച്ചപ്പോഴും വിധിക്കുശേഷം പുറത്തിറക്കിയശേഷവും ചെന്താമര ഒന്നും പ്രതികരിച്ചില്ല. അതിനിടെ ചെന്താമരയ്ക്ക് തൂക്കുകയര്‍ തന്നെ നല്‍കണമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കളും അമ്മയും പറഞ്ഞു. ഇതിനിടെ ചെന്താമരയെ ഭയന്ന് പ്രധാന സാക്ഷി പുഷ്പ തമിഴ്നാട്ടിലേക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങിപോയതോടെ ചെന്തമാരയ്ക്ക് നാടിനോടും നാട്ടുകാരോടുമുണ്ടായിരുന്നത് കൊടും പകയായിരുന്നു. ഭാര്യയും മക്കളും വീടുവിട്ട് പോയത് അയല്‍ക്കാര്‍ കാരണമാണെന്നും ഇവരുടെ കൂടോത്രമാണെന്നുമുള്ള സംശയവും ചില അന്തവിശ്വാസങ്ങളുമായിരുന്നു ചെന്താമരയുടെ പകയ്ക്ക് കാരണം. ഒടുക്കം 2019 ഓഗസ്റ്റ് 31 ന് അയല്‍വാസിആയ സജിത ആ പകയുടെ ആദ്യ ഇരയായി. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം വീടിന്റെ പുറക് വശത്തുള്ള വാതിലൂടെ അകത്ത് കയറി സജിതയെ ചെന്താമര വെട്ടികൊന്നു. കൊലപാതകശേഷം ഇയാള്‍ പോത്തുണ്ടി, നെല്ലിയാമ്പതി മേഖലയിലെ കാട്ടിലേക്ക് രക്ഷപ്പെട്ടെങ്കിലും നാട്ടുകാരുടെ സഹായത്തോടെ സെപ്തംബര്‍ മൂന്നിന് പൊലീസ് പിടിയിലായി. പിന്നീട് ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ചെന്താമര നാട്ടുകാര്‍ക്ക് നേരെ നിരന്തരം ഭീഷണി ഉയര്‍ത്തി. അയല്‍ക്കാരിയായ മറ്റൊരു സ്ത്രീയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
ജാമ്യവ്യവസ്ഥ ലംഘിച്ച് പോത്തുണ്ടിയിലെ ബോയെന്‍ കോളനിയിലെ വീട്ടില്‍ തുടര്‍ന്ന ഇയാള്‍ 2025 ജനുവരി 27 ന് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും സുധാകരന്റെ അമ്മ ലക്ഷമിയെയും വെട്ടി കൊലപ്പെടുത്തി. ശേഷം ഒളിവില്‍ പോയി. 36 മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ പ്രതിയെ പൊലീസ് പിടികൂടി.
സജിത വധക്കേസില്‍ ചെന്താമരയുടെ ഭാര്യ, സഹോദരന്, സജിതയുടെ മകള്‍ ഉള്‍പ്പെടെ 44 പേരെ പ്രോസിക്യൂഷന് സാക്ഷികളായി വിസ്തരിച്ചു. 2020 ലാണ് കുറ്റപ്രത്രം സമര്‍പ്പിച്ചത്. ലാബ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതോടെ ഓഗസ്റ്റ് 4ന് സാക്ഷിവിസ്താരം ആരംഭിച്ചു. 2025 മെയ് മാസത്തില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ഒക്ടോബര്‍ 5 ന് വാദം പൂര്‍ത്തിയായി.