കപ്പിത്താനും കുടുങ്ങി ; ശബരിമല സ്വർണ്ണ കൊള്ള ; എ പത്മകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന രാഷ്ട്രീയ നേതാവുമായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിച്ചേരാൻ പത്മകുമാറിനോട് എസ്ഐടി ആവശ്യപ്പെട്ടിരുന്നു. ആറന്മുളയിലെ വീട്ടിൽനിന്ന് രാവിലെ തന്നെ അദ്ദേഹം തലസ്ഥാനത്തേക്ക് യാത്ര തിരിച്ചിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി ഔദ്യോഗിക നോട്ടീസുകളൊന്നും നൽകിയിരുന്നില്ല. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പത്മകുമാറിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്.