കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

‘കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പും കേരള കോണ്‍ഗ്രസ് രക്തത്തിന്റെ ഭാഗമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. അവര്‍ വന്നാല്‍ സംരക്ഷണം നല്‍കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

പണ്ട് അവരെ നമ്മുടെ തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷയമങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം. ഇതു പറയുമ്പോള്‍ അങ്ങനെയല്ല, ഇങ്ങിനെയല്ല എന്നെല്ലാം അവര്‍ പറഞ്ഞേക്കാം. എന്തായാലും തീരുമാനം അവരുടേതാണ്’. ജോസ് കെ മാണി പറഞ്ഞു.


‘എന്തൊക്കെയായാലും അവിടെ നില്‍ക്കുമ്പോള്‍ സൂക്ഷിച്ചോളൂ. എല്‍ഡിഎഫിലേക്ക് വരുമോയെന്നൊക്കെ അവര്‍ പറയട്ടെ. എന്തായാലും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. മുമ്പ് തറവാട്ടില്‍ വന്നപ്പോള്‍ എന്തു ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. അതുതന്നെയാണ് ഇപ്പോള്‍ അവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് തോന്നുന്നതെ’ന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.