യുദ്ധ സാഹചര്യം: ഗള്‍ഫ് മേഖലയിലേക്കുള്ള 100-ലേറെ വിമാനങ്ങള്‍ റദ്ദാക്കി

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലേക്കും തിരിച്ചുമുള്ള 100-ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളാല്‍ തുടര്‍ച്ചയായ ദിവസങ്ങളിലായി വിമാന യാത്രകള്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാകുമെന്ന സൂചനയുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള 20 വിമാന സര്‍വീസുകള്‍ മുടങ്ങിയപ്പോള്‍, 22 വിമാനങ്ങളാണ് കോഴിക്കോട്ടേക്കുള്ള വരവ് റദ്ദാക്കിയത്. റിയാദ്, മസ്കറ്റ് മേഖലകളിലേക്കുള്ള രണ്ട് വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും വ്യാപകമായ ബാധയുണ്ടായി. 29 പുറപ്പെടല്‍ സര്‍വീസുകള്‍ റദ്ദാക്കിയപ്പോള്‍ 31 വിമാനങ്ങള്‍ക്ക് കൊച്ചിയിലേക്ക് പുറപ്പെടാനായില്ല. ഷെഡ്യൂള്‍ ചെയ്തിരുന്ന പല വിമാനങ്ങളും പിന്നീട് യാത്ര ഒഴിവാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ സാധാരണ നിലയിലാകുന്നതുവരെ സര്‍വീസുകളില്‍ അനിശ്ചിതത്വം തുടരുമെന്നാണ് വിലയിരുത്തല്‍.