വിഐപി കള്ളൻ; മാസങ്ങൾ നീണ്ട ഒളിച്ചുകളി അവസാനിപ്പിച്ച് രാജകുടുംബം

കവടിയാർ കൊട്ടാരത്തിന്റെ ഉള്ളറകളിൽ മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന മോഷണവിവാദം ഒടുവിൽ മറനീക്കി പുറത്തുവന്നിരിക്കുന്നു.
രാജകുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് ‘രഹസ്യ അന്വേഷണം’ വേണമെന്ന കൊട്ടാരത്തിന്റെ ആവശ്യത്തിന് മുന്നിൽ സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് വഴങ്ങാതിരുന്നതോടെയാണ് അഞ്ച് മാസങ്ങൾക്കിപ്പുറം ഈ ഹൈ-പ്രൊഫൈൽ മോഷണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന പോലീസിന്റെ കർശന നിലപാടാണ് രാജകുടുംബത്തെ പരാതി നൽകാൻ നിർബന്ധിതരാക്കിയത്.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ കിടപ്പുമുറിയിലെ അതീവ സുരക്ഷയുള്ള അലമാരയിൽ നിന്നാണ് പാരമ്പര്യമായി കൈമാറിക്കിട്ടിയ 12 ഇനം അമൂല്യ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്.കഴിഞ്ഞ നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം കുടുംബം അറിയുന്നത്.
വിവരം പുറത്തറിഞ്ഞാലുള്ള നാണക്കേട് ഭയന്ന് കൊട്ടാരം അധികൃതർ ഈ വിവരം അതീവ രഹസ്യമാക്കി വെച്ചു.കുടുംബാംഗങ്ങൾ ആരെങ്കിലും എടുത്ത് മാറ്റിയതാകാമെന്ന സംശയത്തിൽ മാസങ്ങളോളം കൊട്ടാരത്തിനുള്ളിൽ തന്നെ തിരച്ചിൽ നടത്തി.ഒടുവിൽ രണ്ട് മാസം മുൻപ് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും, ഔദ്യോഗിക പരാതി നൽകാൻ അപ്പോഴും തയ്യാറായിരുന്നില്ല.
കൊട്ടാരത്തിന്റെ ഉള്ളറകൾ കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.വിലപിടിപ്പുള്ള വജ്രാഭരണങ്ങൾ അലമാരയിൽ ഉണ്ടായിരുന്നിട്ടും, മോഷ്ടാവ് അത് തൊട്ടിട്ടില്ല എന്നത് പോലീസിനെയും അത്ഭുതപ്പെടുത്തുന്നുണ്ട്.
മോഷണം നടന്ന മുറിയിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളവരുടെ പട്ടിക പോലീസ് തയ്യാറാക്കുകയാണ്.നിലവിൽ കൊട്ടാരത്തിലെ 15 ജീവനക്കാരും നിരീക്ഷണത്തിലാണ്.
കേസ് രജിസ്റ്റർ ചെയ്തതോടെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ളവർ വരും ദിവസങ്ങളിൽ കൊട്ടാരത്തിലെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തും.സംഭവത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.