ബി വൈ ഡിയുടെ നിർമാണശാലയിൽ വൻ തീപിടിത്തം; അന്തരീക്ഷം മുഴുവൻ കറുത്ത പുക

ബീജിംഗ്: ചൈനീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ബി വൈ ഡിയുടെ കാർ നിർമാണശാലയിൽ വൻ തീപിടിത്തം. പ്ലാന്റിലെ മൾട്ടി ലെവൽ പാർക്കിംഗിലാണ് തീപിടിത്തമുണ്ടായത്. കറുത്ത പുക ഉയർന്നത് വലിയ ആശങ്ക പരത്തി. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. പ്രാദേശിക അഗ്നിശമന സേനാ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയതെന്നാണ് റിപ്പോർട്ട്.

ചൈനയിലെ ഷെൻഷെനിലെ പിംഗ്‌ഷാൻ ജില്ലയിൽ സ്ഥിതിചെയ്യുന്ന ബി വൈ ഡിയുടെ നിർമാണ പ്ലാന്റിലാണ് തീപിടിത്തം ഉണ്ടായത്. പരീക്ഷണയോട്ടത്തിനുള്ള വാഹനങ്ങളും ഉപയോഗശൂന്യമായ കാറുകളും നിർത്തിയിട്ടിരുന്ന സ്ഥലത്താണ് തീപിടിച്ചത്. അഗ്നിബാധയിൽ പുതിയ വാഹനങ്ങൾക്ക് ഒന്നും സംഭവിച്ചില്ലെന്നാണ് റിപ്പോർട്ട്.

എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളനുസരിച്ച് ബഹുനില കെട്ടിടത്തിൽ മുഴുവൻ തീപടരുന്നത് കാണാം. മണിക്കൂറുകൾ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് തീ അണയ്‌ക്കാൻ സാധിച്ചതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ അശാസ്‌ത്രീയമായ നിർമാണമാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താനാകൂ എന്നും അധികൃതർ പറഞ്ഞു.