കോർപറേഷൻ പ്രവർത്തനം അവതാളത്തിലാണെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കോർപറേഷൻ പ്രവർത്തനം അവതാളത്തിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. നാറാത്തത് നാറുമെന്നും മാലിന്യ നിർമാർജനം പാടെ പാളിയെന്നും ശിവൻകുട്ടി ആരോപിക്കുന്നു. തെരുവുനായ ശല്യം കൂടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പലയിടത്തും തെരുവുവിളക്ക് കത്തുന്നില്ല. മാലിന്യനീക്കം പാടെ പാളി. നഗരം പകർച്ചവ്യാധി ഭീതിയിലാണ്. നഗരത്തിലെ ജനജീവിതം ദുസ്സഹമാക്കരുത്. ഉടൻ സർവകക്ഷിയോഗം വിളിക്കണം’- മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി മന്ത്രി രംഗത്തിെത്തിയിരിക്കുന്നത്.

അതേസമയം, തിരുവനന്തപുരം നഗരത്തിലെ ജലവിതരണം അവതാളത്തിലായതിൽ വാട്ടർ അതോറിട്ടിയുടെ വീഴ്ച ചൂണ്ടിക്കാട്ടി മന്ത്രി റോഷി അഗസ്റ്റിന് മേയർ വി വി രാജേഷ് കഴിഞ്ഞമാസം കത്ത് നൽകിയിരുന്നു. ജലവിതരണ വാൽവ് നിയന്ത്രണം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപാണ് കത്ത് നൽകിയത്.