മുഖ്യമന്ത്രി ചർച്ചയ്ക്ക് പിന്നാലെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തും ത്രസിപ്പിക്കുന്ന മത്സരം; ബെന്നി, കൊടിക്കുന്നിൽ, ഷാഫി ഉൾപ്പെടെ പ്രമുഖർ പരിഗണനയിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ സജീവമായിരിക്കെ, കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നീക്കങ്ങളും ശക്തമാകുന്നു. നിയുക്ത എംഎൽഎ സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് എത്താനുള്ള സാധ്യത ഉയരുന്നതിനാൽ, പുതിയ കെപിസിസി അദ്ധ്യക്ഷൻ ആരാകുമെന്നതാണ് ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ ചർച്ച.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയവരുടെ പേരുകളാണ് സജീവമായി പരിഗണിക്കപ്പെടുന്നതെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അന്തിമ തീരുമാനം കെപിസിസി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരാളെ കെപിസിസി അദ്ധ്യക്ഷനാക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നതെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. കെ സുധാകരൻ സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട നേതാവിനെ പരിഗണിക്കണമെന്ന ആവശ്യം മുൻപും പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സണ്ണി ജോസഫിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, കോൺഗ്രസ് എ ഗ്രൂപ്പിലെ നേതാക്കൾ ബെന്നി ബെഹനാനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, കെ സി വേണുഗോപാൽ പക്ഷം ഷാഫി പറമ്പിലിന്റെ പേരിനാണ് മുൻതൂക്കം നൽകുന്നതെന്നാണ് സൂചന. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവും ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചർച്ചകളിൽ സജീവമാണ്. മുൻകാലങ്ങളിൽ തഴയപ്പെട്ടെന്ന വികാരവും അദ്ദേഹം നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ തവണ അവസാന നിമിഷം അവസരം നഷ്ടമായ ആന്റോ ആന്റണിയുടെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനൊപ്പം തന്നെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള അന്തിമ തീരുമാനം കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾക്കും നിർണായകമാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.