രത്തൻ ഖേൽക്കർ നിയമനം; ‘അത് സർക്കാരിന്റെ തീരുമാനമെന്ന്’ കെ.സി. വേണുഗോപാൽ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി രത്തൻ യു. കേൽക്കർ ഐ.എ.എസിനെ നിയമിച്ചതിൽ അനുകൂലിക്കാതെ കെ.സി. വേണുഗോപാൽ. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ വിസമ്മതിച്ച അദ്ദേഹം, ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ഭരണത്തിലുള്ളവരാണെന്ന മറുപടിയാണ് നൽകിയത്.

ബംഗാളിൽ ചീഫ് ഇലക്ഷൻ ഓഫീസറെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചപ്പോൾ രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതൃത്വം അതിനെ ശക്തമായി എതിർത്തിരുന്നു. കേരളത്തിൽ സമാനമായ നീക്കം നടക്കുമ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ മൗനം ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ നേതൃത്വത്തിന് വഴങ്ങിക്കൊടുക്കുന്ന സംവിധാനമായി മാറിയെന്നും, അതിനുള്ള പ്രത്യുപകാരമാണ് ഈ നിയമനമെന്നുമാണ് സിപിഐഎം ആരോപിക്കുന്നത്. നിയമനത്തിൽ ബിജെപിയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയ ആരോപണങ്ങളെ തള്ളുകയാണ് കോൺഗ്രസ്. രത്തൻ കേൽക്കറുടെ സർവീസിലെ മികവും ഭരണപരമായ വൈദഗ്ധ്യവും പരിഗണിച്ചാണ് ഈ നിയമനമെന്നും ഇതിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്നുമാണ് പാർട്ടി വ്യക്തമാക്കുന്നത്.