ചോദ്യങ്ങൾ ഉന്നയിക്കുന്ന യുവത്വത്തെ കേന്ദ്രം ഭയക്കുന്നു”; കേന്ദ്രത്തിനെതിരെ മുഹമ്മദ് റിയാസ്

രാജ്യത്തെ യുവജനങ്ങളുടെ പ്രതിഷേധ ശബ്ദമായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സെൻസർ ചെയ്യുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. ചോദ്യം ചെയ്യുന്ന യുവത രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും എന്നാൽ വിമർശനങ്ങളെ ഭയപ്പെടുന്ന കേന്ദ്രം സെൻസർഷിപ്പിലൂടെ ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഭയപ്പെടുന്ന ബിജെപി സർക്കാരിന്റെ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നീറ്റ് പരീക്ഷ അട്ടിമറി ഉൾപ്പെടെയുള്ള സംഭവങ്ങളും തൊഴിലില്ലായ്മയുമാണ് ഇത്തരം യുവജന കൂട്ടായ്മകൾ രൂപപ്പെടാൻ കാരണമെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയ്ക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് വധഭീഷണി ഉയരുന്നത് ഗൗരവകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചതുകൊണ്ട് യുവജനങ്ങളുടെ പ്രതിഷേധം ഇല്ലാതാകില്ല. വൈവിധ്യമാർന്ന അഭിപ്രായങ്ങളെ മാനിക്കുന്നതാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അനീതിയെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമല്ലെന്നും ജനാധിപത്യ വിശ്വാസി എന്ന നിലയിൽ ഇത്തരം നടപടികളെ എതിർക്കുമെന്നും റിയാസ് വ്യക്തമാക്കി.