ലൈഫ് മിഷൻ നിർത്തില്ലെന്ന് സർക്കാർ; പരിഷ്കാരങ്ങൾ ഉണ്ടാകുമെന്ന് കെ.എം. ഷാജി

ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ.എം. ഷാജി. മുൻ സർക്കാരിന്റെ പദ്ധതികൾ അടിച്ചുതകർക്കാനല്ല തങ്ങൾ വന്നതെന്നും പുരോഗതിക്കായി മുൻഗണനാക്രമങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമസഭകൾക്കും ഗ്രാമപഞ്ചായത്തുകൾക്കും നഷ്ടപ്പെട്ട അധികാരം തിരിച്ചുനൽകുക എന്നതാണ് സർക്കാരിന്റെ അജണ്ട. വീടുകൾ നിർമ്മിച്ച് നൽകാനുള്ള അധികാരം പഞ്ചായത്തുകൾക്ക് കൈമാറുന്ന രീതിയിൽ പദ്ധതി പൊളിച്ചെഴുതും. ഗ്രാമസഭകൾ വഴി പ്രൊപ്പോസലുകൾ വരുന്ന പഴയ രീതി തിരികെ കൊണ്ടുവരുന്നത് ലൈഫ് മിഷൻ തകർക്കാനാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. പദ്ധതി പിരിച്ചുവിടാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു. എന്നാൽ പ്രതിഷേധം ഭയന്ന് മെറിറ്റുള്ള കാര്യങ്ങൾ ചെയ്യാതിരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് നാളെ അടിയന്തര ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മുൻ മന്ത്രി എം.ബി. രാജേഷ് ഉൾപ്പെടെയുള്ളവർ ലൈഫ് മിഷൻ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷ ഇല്ലാതാക്കുന്ന നീക്കമാണിതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.