പ്രിയദർശിനി’ പദ്ധതിക്കിടെ കെ.എസ്.ആർ.ടി.സിക്കെതിരെ ആരോപണം; ഓർഡിനറി ബസുകൾ ‘സിറ്റി ഫാസ്റ്റ്’ ആക്കിയെന്ന് വിമർശനം

‘തിരുവനന്തപുരം: സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. ഓർഡിനറി ബസുകളിൽ മാത്രമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നതെന്നും, ഈ ആനുകൂല്യം പരിമിതപ്പെടുത്താൻ തിരുവനന്തപുരം നഗരത്തിലെ നിരവധി ഓർഡിനറി സർവീസുകൾ ‘സിറ്റി ഫാസ്റ്റ്’ വിഭാഗത്തിലേക്ക് മാറ്റിയെന്നുമാണ് വിമർശനം.
വിമർശകർ പറയുന്നതനുസരിച്ച്, തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തിയിരുന്ന അമ്പതിലേറെ ഓർഡിനറി ബസുകളിലാണ് ‘സിറ്റി ഫാസ്റ്റ്’ സ്റ്റിക്കറുകൾ പതിപ്പിച്ച് പുതിയ വിഭാഗത്തിലേക്ക് മാറ്റം വരുത്തിയത്. ഇതോടെ സൗജന്യ യാത്ര പ്രതീക്ഷിച്ചിരുന്ന സ്ത്രീകൾക്ക് ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായെന്നാണ് ആക്ഷേപം.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ലഭിച്ച ഇലക്ട്രിക് ബസുകളിലും വ്യാപകമായി വിഭാഗമാറ്റം നടത്തിയെന്നാണ് ആരോപണം. നഗരത്തിലെ സാധാരണ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന സർവീസുകളാണ് ഇതിൽ ഉൾപ്പെടുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഓർഡിനറി സർവീസുകൾ ഒഴിവാക്കിയിട്ടില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ വിവിധ ഡിപ്പോകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഓർഡിനറി സർവീസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് ആരോപണം ഉയരുന്നത്.നിലവിലെ നിരക്ക് ഘടന പ്രകാരം സിറ്റി ഫാസ്റ്റ് ബസുകൾക്ക് ഓർഡിനറി സർവീസുകളേക്കാൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.
അതിനാൽ ഓർഡിനറി ബസുകളുടെ എണ്ണം കുറയുന്നത് സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിൽ തിരിച്ചടിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.സംഭവത്തിൽ സർക്കാരും കെ.എസ്.ആർ.ടി.സിയും വ്യക്തമായ വിശദീകരണം നൽകണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ശക്തമാകുകയാണ്