എം .ആർ. അജിത് കുമാറിന് വിലങ്ങുവീഴുമോ? കേസ് ഡയറി തിരുത്താൻ ‘എഡിജിപി ഓർഡർ’; അന്വേഷണസംഘം തലസ്ഥാനത്തേക്ക്

തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിക്കപ്പെട്ട കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ആരോപണത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. മുൻ എഡിജിപി എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് കേസ് ഡയറി തിരുത്തി പ്രതികൾക്ക് അനുകൂലമായ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ഗ്രേഡ് എസ്.ഐമാർ പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി) മൊഴി നൽകിയതോടെയാണ് അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയത്.കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് എഡിജിപി ഓഫീസിലേക്ക് വിളിച്ചുവരുത്തി തിരുത്തിയെന്നാണ് അന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന പ്രധാന വെളിപ്പെടുത്തൽ. പെൻഡ്രൈവിൽ കൈമാറിയ യഥാർത്ഥ കേസ് ഡയറിയിൽ മാറ്റം വരുത്തിയതായും മൊഴിയുണ്ട്. ഇത് തെളിയിക്കപ്പെടുന്ന പക്ഷം ഔദ്യോഗിക രേഖകൾ തിരുത്തൽ, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്താനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ എസ്.ഐ.ടി തീരുമാനിച്ചിട്ടുണ്ട്. കേസ് ഡയറി തിരുത്തിയതായി ആരോപിക്കപ്പെടുന്ന കാലയളവിലെ ദൃശ്യങ്ങൾ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാനാണ് നീക്കം. അന്നത്തെ ഓഫീസ് ജീവനക്കാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മൊഴികളും ശേഖരിക്കും.അതേസമയം, കേസ് അട്ടിമറിക്കൽ മാത്രമല്ല, നവകേരള യാത്രയ്ക്കിടെ നടന്ന മർദനത്തിന് പിന്നിലെ യഥാർത്ഥ നിർദേശദാതാക്കളെ കണ്ടെത്തുകയെന്ന ലക്ഷ്യവും അന്വേഷണസംഘത്തിനുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിനും ഗൺമാനും മുകളിൽ നിന്ന് നിർദേശം ലഭിച്ചിരുന്നോ എന്നതാണ് പ്രധാന അന്വേഷണ വിഷയം.ഇതിനായി പ്രതികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോൺ കോൾ റെക്കോർഡുകൾ (സിഡിആർ) അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനും എസ്.ഐ.ടി പദ്ധതിയിടുന്നുണ്ട്.സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണെന്ന് കണ്ടെത്തിയാൽ, അന്വേഷണം മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനിലേക്ക് നേരിട്ട് എത്തുകയും കൂടുതൽ നിയമനടപടികൾക്ക് വഴിയൊരുങ്ങുകയും ചെയ്യും.സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനത്തിലെത്താൻ കൂടുതൽ തെളിവുകൾ പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷണവൃത്തങ്ങൾ അറിയിച്ചു.