പ്രതിപക്ഷ നേതാവിന്റെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ, ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തില്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. ഡല്‍ഹി കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്‍ ശ്രീകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ചീഫ് സെക്രട്ടറി ഇന്‍ഡിഗോയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. കേരള ഹൗസ് റസിഡന്റ് കമ്മിഷണറും ചീഫ് സെക്രട്ടറിക്ക് റിപ്പേര്‍ട്ട് നല്‍കും.

സമയത്ത് വിമാനത്താവളത്തില്‍ എത്തിയിട്ടും പിണറായി വിജയന്റെ കോഴിക്കോട്ടേക്കുള്ള യാത്ര മുടങ്ങുകയായിരുന്നു. സംഭവത്തില്‍ കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ കുമാറിന്റെ നിര്‍ദ്ദേശം അനുസരിച്ച്, ബന്ധപ്പെട്ട വകുപ്പ് ജീവനക്കാരുടെ യോഗം വിളിച്ച് രേഖാമൂലം വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ കാര്യം ഇന്‍ഡിഗോ കമ്പനിയെ ഇമെയിലിലൂടെയും വിമാനത്താവളത്തില്‍ എത്തിയശേഷം വാക്കാലും അറിയിച്ചിരുന്നു എന്നാണ് പ്രോട്ടോകോള്‍ ഓഫീസര്‍ നല്‍കിയ വിശദീകരണം. അതേസമയം, ഇമെയില്‍ ലഭിച്ചില്ലെന്നാണ് കഴിഞ്ഞദിവസം ഇന്‍ഡിഗോ കമ്പനി അറിയിച്ചത്.ഈ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറി എ ജയ തിലക് ഇന്‍ഡിഗോ കമ്പനിയില്‍ നിന്നും വിശദീകരണം തേടിയത്.

സംഭവത്തില്‍ പ്രോട്ടോകോള്‍ വിഭാഗത്തിന് വീഴ്ച പറ്റിയെന്നും, വീഴ്ച വരുത്തിയ അവര്‍ക്കെതിരെ അച്ചടക്കം നടപടി ഉടന്‍ ഉണ്ടാകും എന്നും എ ആര്‍ സി അശ്വതി ശ്രീനിവാസ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. യാത്ര വിവരം സംബന്ധിച്ച് ഇന്‍ഡിഗോയ്ക്ക് ഇമെയില്‍ അയച്ചിരുന്നെങ്കിലും അത് ലഭിച്ചു എന്ന് ഉറപ്പുവരുത്തുന്നതില്‍ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് വീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തല്‍. യാത്ര തടസപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന് അഞ്ച് മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നിരുന്നു.