തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം കനക്കുന്നു; ഡൽഹിയിലും ബെംഗളൂരുവിലും പ്രതിപക്ഷ പ്രക്ഷോഭം ശക്തം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ കക്ഷികളും കോക്രോച്ച് ജനതാ പാർട്ടിയും. ഇതിന്റെ ഭാഗമായി ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമവും ചപ്പൽ പ്രതിഷേധവും നടക്കും. ഒക്ടോബർ 10-ന് ഡൽഹി ജന്തർ മന്തറിൽ നടക്കാനിരിക്കുന്ന വൻ പ്രക്ഷോഭത്തിന് മുന്നോടിയായാണ് ബെംഗളൂരുവിൽ സമരം സംഘടിപ്പിക്കുന്നത്.

പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും യൂട്യൂബറുമായ ധ്രുവ് റാഠിയുടെ സാന്നിധ്യമാണ് ബെംഗളൂരുവിലെ സമരത്തിലെ പ്രധാന ആകർഷണം. സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ, നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്, തുടങ്ങിയവരും പ്രക്ഷോഭത്തിന് നേതൃത്വം നൽകും.

സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ എസ്‌.ഐ.ആറിൽ നിന്നും ഒഴിവാക്കപ്പെട്ട കന്നഡികരുമായി സംവദിക്കുന്ന അദാലത്തും ഇതിനോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ എം.പിമാർ നടത്തുന്ന പ്രതിഷേധം മൂന്നാം ദിനവും തുടരുകയാണ്. ഡൽഹിയിൽ തെരുവിൽ പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ കഴിഞ്ഞ ദിവസം പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു.

പിന്നീട് ഇവരെ വിട്ടയച്ചെങ്കിലും എ.ഐ.സി.സി നിർദ്ദേശപ്രകാരം കോൺഗ്രസ് എം.പിമാർ സമരം തുടരുകയാണ്. പ്രതിഷേധത്തിൽ പങ്കെടുത്ത മുഴുവൻ ഇൻഡ്യ മുന്നണി നേതാക്കൾക്കും രാഹുൽ ഗാന്ധി നന്ദി അറിയിച്ചു. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി പാർലമെന്റിലും തെരുവുകളിലും ഉറച്ചുനിൽക്കുന്ന ഓരോ നേതാക്കളോടും കടപ്പെട്ടിരിക്കുന്നുവെന്നും സർക്കാരിന്റെ അടിച്ചമർത്തലുകൾക്കെതിരെ പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.