എന്തുകൊണ്ടാണ് മാധ്യമങ്ങൾ രാജി ആഘോഷിച്ചത്? എല്ലാം തുറന്നുപറയുമെന്ന് ആർ. ശ്രീലേഖ!

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെച്ചെന്ന വാർത്തകളോട് പ്രതികരിച്ച് ആർ. ശ്രീലേഖ രംഗത്ത്. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജിവെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതിനായി വരുന്ന ഞായറാഴ്ച ( ഒക്ടോബർ 11) വരെ കാത്തിരിക്കണമെന്നാണ് ശ്രീലേഖ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബർ 30-നാണ് സ്വകാര്യ കാരണങ്ങളാൽ കൗൺസിലർ സ്ഥാനത്തുനിന്ന് രാജിവെക്കുന്നുവെന്ന് കാണിച്ച് ആർ. ശ്രീലേഖ മേയർ വി.വി. രാജേഷിന് കത്ത് നൽകിയത്. ശാസ്തമംഗലത്തെ ‘കൗൺസിലർ അറിയിപ്പ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് അവർ ഇക്കാര്യം പുറത്തുവിട്ടതെങ്കിലും പിന്നീട് സന്ദേശം പിൻവലിക്കുകയായിരുന്നു. ശ്രീലേഖയുടെ രാജി വാർത്ത വലിയ ചർച്ചയായതോടെ, പാർട്ടിയോടുള്ള അതൃപ്തി കൊണ്ടല്ലെന്നും ശാരീരിക അസ്വസ്ഥതകളാണ് പ്രശ്നമെന്നുമാണ് പാർട്ടി നേതാക്കളുടെ പിന്നീട് നൽകിയ വിശദീകരണം.
രാജിക്കാര്യം വാർഡിലെ വോട്ടർമാരെ അറിയിച്ച ശേഷം പിന്നീട് പിൻവലിയേണ്ടി വന്നത് ബിജെപി ക്യാമ്പിലും ചർച്ചയായിട്ടുണ്ട്. പദവിക്കായി വിലപേശി എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ശ്രീലേഖയ്ക്ക് ഇനിയും നേരിടേണ്ടി വന്നേക്കാം. വെറും കൗൺസിലറായി അവർ ഇനിയുള്ള നാല് വർഷം തുടരുമോ അതോ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക പാർട്ടിക്കുള്ളിലുമുണ്ട്.