6 ജില്ലകളിലെ ആധാര വിവരങ്ങൾ ഡിജിറ്റലായി; മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ്: മന്ത്രി വി.എൻ വാസവൻ

കോട്ടയം: ആധാര വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കുന്ന നടപടി ആറു ജില്ലകളിൽ പൂർത്തീകരിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ. കോട്ടയം രജിസ്‌ട്രേഷൻ കോംപ്ലക്‌സിന്റെ ഉദ്ഘാടനവും മാനന്തവാടി, ഉളിയിൽ, തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫിസുകളുടെ പ്രവർത്തനോദ്ഘാടനവും കോട്ടയത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

ഒരുലക്ഷം രൂപയ്ക്കു താഴെ മുദ്രവില നൽകേണ്ട എല്ലാ ആവശ്യങ്ങൾക്കുമുള്ള മുദ്രപ്പത്രങ്ങൾക്കും ഇ-സ്റ്റാമ്പിങ് ഏർപ്പെടുത്തുകയാണ്. ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങളുടെ ക്ഷാമം പരിഹരിക്കാനും ഓൺലൈൻ സേവനങ്ങളുടെ വിപുലീകരണത്തിനും സുതാര്യത ഉറപ്പാക്കുന്നതിനും ഇതു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ കൂടുതൽ സേവനങ്ങൾ ഓൺലൈനാക്കുന്നതിലൂടെ അഴിമതിമുക്ത ഓഫീസ് എന്ന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കാനാകും. ഓൺലൈനിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാകുമ്പോൾ ജനങ്ങൾക്ക് ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടേണ്ടതും ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നതുമായ സാഹചര്യം ഒഴിവാകും.

രജിസ്‌ട്രേഷൻ വകുപ്പിന് കഴിഞ്ഞ വർഷം 1322 കോടി രൂപയുടെ അധിക വരുമാനം നേടാനായി. സംസ്ഥാനത്തിന് 4432 കോടി രൂപയുടെ വരുമാനം നേടിക്കൊടുക്കാൻ രജിസ്‌ട്രേഷൻ വകുപ്പിനായി. ആറുവർഷത്തിനിടെ നേടിയ റെക്കോഡ് വരുമാനമാണിത്. ആധുനികവൽക്കരണവും ജീവനക്കാരുടെ പ്രയത്‌നവുമാണ് നേട്ടം കൈവരിക്കാൻ സഹായിച്ചത്. ആധാരമെഴുത്തുകാരുടെ ജീവനോപാധി സംരക്ഷിച്ചുകൊണ്ടുള്ള ആധുനികവൽക്കരണ നടപടികളാണ് വകുപ്പ് നടപ്പാക്കുന്നതെന്നും മന്ത്രി വാസവൻ പറഞ്ഞു.  

മാനന്തവാടി, ഉളിയിൽ, തൃക്കരിപ്പൂർ എന്നീ ഓഫീസുകളുടെ  പ്രവർത്തനോദ്ഘാടനം  ഓൺലൈനായാണ് മന്ത്രി നിർവഹിച്ചത്. ആധാരപ്പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കൽ, മുദ്രപ്പത്രങ്ങൾക്ക് സമ്പൂർണ ഇ-സ്റ്റാമ്പിങ്, കമ്പ്യൂട്ടർ മുഖേന ആധാരം തയാറാക്കൽ എന്നീ ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *