തിരുവനന്തപുരം: നിറത്തിന്റെ പേരിൽ തനിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത് ഉന്നതനായ ഒരാളിൽ നിന്നാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പിന്നീട് പല തവണ അദ്ദേഹവുമായി ഇടപെട്ടെങ്കിലും ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്ന് ശാരദ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആ ഉന്നതൻ രാഷ്ട്രീയക്കാരനാണോ എന്ന ചോദ്യത്തിന് ചീഫ് സെക്രട്ടറി മറുപടി നൽകിയില്ല. സര്‍വീസില്‍ നിന്ന് നാളെ വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍
പ്രതികരണം
എന്‍ പ്രശാന്ത് ഐഎഎസിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും ഇനി സര്‍ക്കാര്‍ നടപടി എടുക്കട്ടെയെന്നും ശാരദ മുരളീധരന്‍ പ്രതികരിച്ചു. സീനിയര്‍ ഉദ്യോഗസ്ഥനെതിരായ എന്‍ പ്രശാന്ത് ഐഎഎസിന്റെ അധിക്ഷേപം പല ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. താന്‍ ഇരയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിന്റെ നടപടികളെന്നും ഹിയറിംഗിലെ റിപ്പോര്‍ട്ടില്‍ സര്‍ക്കാറാണ് ഇനി നടപടി എടുക്കേണ്ടതെന്നും ശാരദ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സര്‍വീസില്‍ ഇനിയും പലതും ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നു. പ്രത്യേകിച്ചും മാലിന്യമുക്ത കേരളത്തിന്റെ കാര്യത്തില്‍. ഇനി നാളുകള്‍ സ്വസ്ഥമായി ജീവിക്കണമെന്നും കുറേ യാത്രകള്‍ ചെയ്യണമെന്നും ശാരദ മുരളീധരന്‍ പറയുന്നു.