ആറ്റിങ്ങല്‍: ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ കേരളത്തിലെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന് ആറ്റിങ്ങലാണ്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭ മണ്ഡലങ്ങളാണ് ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ വരുന്നത്. 2019ല്‍ സാക്ഷാല്‍ എ സമ്പത്തിന് കാലിടറിയ മണ്ണില്‍ ഇത്തവണ ആരാവും വെന്നിക്കൊടി പാറിക്കുക.
2009ല്‍ ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലം രൂപീകരിച്ച ശേഷം സിപിഎമ്മിന്റെ എ സമ്പത്തായിരുന്നു ആദ്യ രണ്ടുവട്ടം (2009, 2014) എംപി. എന്നാല്‍ 2019ല്‍ ചിത്രം മാറിമറിഞ്ഞു. യുഡിഎഫിനായി കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശും എല്‍ഡിഎഫിനായി സിപിഎമ്മിന്റെ സിറ്റിംഗ് എംപി ഡോ. എ സമ്പത്തും എന്‍ഡിഎയ്ക്കായി ബിജെപിയുടെ ശോഭ സുരേന്ദ്രനുമാണ് കഴിഞ്ഞ തവണ മുഖാമുഖം വന്നത്. 13,50,710 വോട്ടര്‍മാരുണ്ടായിരുന്ന ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ 2019ല്‍ 9,93,614 പോരാണ് പോളിംഗ് ബൂത്തിലെത്തിയത്. പോളിംഗ് ശതമാനം 74.48. യുഡിഎഫ് തരംഗം കേരളമാകെ ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ ഫലം വന്നപ്പോള്‍ സിറ്റിംഗ് എംപി എ സമ്പത്തിനെ അട്ടിമറിച്ച് അടൂര്‍ പ്രകാശ് ലോക്സഭയിലെത്തി. 38,247 വോട്ടുകളുടെ ഭൂരിപക്ഷമാണ് അടൂര്‍ പ്രകാശിന് ലഭിച്ചത്. തൊട്ടുമുമ്പത്തെ 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ എ സമ്പത്ത് 69,378 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനത്താണ് അടൂര്‍ പ്രകാശ് നാല്പതിനായിരത്തിനടുത്ത് വോട്ടുകള്‍ക്ക് 2019ല്‍ ജയിച്ചുകയറിയത്.
ഇക്കുറി 2024ല്‍ ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായിക്കഴിഞ്ഞു. ബിജെപിക്കായി കേന്ദ്രമന്ത്രി വി മുരളീധരനാണ് കളത്തിലിറങ്ങുന്നത്. അതേസമയം സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലയിലെ കരുത്തനായ വി ജോയിയാണ് എ സമ്പത്തിന് പകരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കേരളത്തില്‍ സിറ്റിംഗ് എംപിമാരെ നിലനിര്‍ത്തി പോരാടുന്ന കോണ്‍ഗ്രസ് അടൂര്‍ പ്രകാശിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന് കരുതുന്നു. കരുത്തര്‍ കളത്തിലെത്തുമ്പോള്‍ ഇത്തവണ പോളിംഗ് ശതമാനം ആറ്റങ്ങലില്‍ ഉയരുമെന്ന് പ്രതീക്ഷിക്കാം. 2014ലെ 10.53ല്‍ നിന്ന് 24.97 ശതമാനത്തിലേക്ക് വോട്ടിംഗ് ശതമാനം കഴിഞ്ഞവട്ടം ബിജെപിക്ക് ഇവിടെ ഉയര്‍ത്താനായത് ഇത്തവണ എന്താകുമെന്നത് വലിയ ആകാംക്ഷയാണ്.