ഛത്തീസ്ഗഡില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വിഷ്ണുവിന് നാടിന്റെ യാത്രാമൊഴി; കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ഗവര്‍ണറും മന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം വന്‍ ജനാവലി

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വിഷ്ണുവിന് ജന്‍മനാടിന്റെ യാത്രാമൊഴി. തിരുവനന്തപുരം പാലോട്ടെ വീട്ടിലും ജന്‍മ ഗ്രാമമായ നന്ദിയോട്ടും എസ്‌കെവി സ്‌കൂളിലും പൊതു ദര്‍ശനത്തിന് ശേഷം ശാന്തിതീരം സ്മശാനത്തില്‍ സംസ്‌കരിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം വന്‍ ജനാവലി വിഷ്ണുവിന്റെ വീട്ടിലെത്തിയിരുന്നു.
സ്വന്തം വീടെന്ന സ്വപ്നവും ജന്‍മനാടിനോടുള്ള വലിയ ഇഴയടുപ്പവുമെല്ലാം ബാക്കിവെച്ചാണ് വിഷ്ണവിന്റെ മടക്കം. മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച വിഷ്ണുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ ഉള്ളു വിങ്ങിയാണ് ബന്ധുക്കളും നാട്ടുകാരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. രാവിലെ 7 മണിയോടെ ആണ് സൈനിക വാഹനം നന്ദിയോട്ടെ വീട്ടില്‍ എത്തിയത്. അപ്പോഴേക്കും നാട് മുഴുവന്‍ ഒഴുകി എത്തിയിരുന്നു. അതുവരെ അടക്കിപ്പിടിച്ച സങ്കടം മുഴുവന്‍ പുറത്ത് പുറത്തേക്ക് വന്നു.
10 മണിയോടെ മൃതദേഹം നന്ദിയോട് പഞ്ചായത്തിന് മുന്നിലേക്ക് കൊണ്ടുവന്നു. അവിടെയും നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. പിന്നീട് വിഷ്ണുവില്‍ സൈനിക മോഹം ഉണര്‍ത്തി വിട്ട സ്‌കൂള്‍ മുറ്റത്തേക്കായിരുന്നു അവസാന യാത്ര. വിദ്യാര്‍ത്ഥികളും എന്‍സിസി കാഡറ്റുകളും അവിടെ കാത്തു നിന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്‌കൂളില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു. 12 മണിയോടെ ഉച്ചയോടെ പാലോട് കരിമണ്‍കോട് ശാന്തികുടീരം പൊതുശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം