തിരുവനന്തപുരം: എസ് യു ടി ആശുപത്രി, സ്നേഹതാളം, സ്വസ്തി ഫൗണ്ടേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടത്തുന്ന ‘കാന്‍സര്‍ സേഫ് കേരള’ പദ്ധതിയുടെയും ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന കേരള സര്‍ക്കാരിന്റെ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെയും ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സൗജന്യ കാന്‍സര്‍ പരിശോധനാ പരിപാടി ആരംഭിക്കുന്നു.
എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ചയും അവസാന വ്യാഴാഴ്ചയും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 5 പേര്‍ക്ക് വീതം സ്ക്രീനിംഗ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഓങ്കോളജി വിദഗ്ദ്ധന്റെ സൗജന്യ കണ്സള്ട്ടേഷന് ഉള്‍പ്പെടെ സ്ത്രീകള്‍ക്കുള്ള പാപ്പ് സ്മിയര്‍, മാമോഗ്രാം, CA 125 ടെസ്റ്റുകള്‍ (അണ്ഡാശയ അര്‍ബുദ രോഗനിര്‍ണ്ണയത്തിന്), പുരുഷന്മാര്ക്ക് PSA ടെസ്റ്റുകള്‍ (പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗനിര്‍ണ്ണയത്തിന്), CA 19.9 തുടങ്ങിയ കാന്‍സര്‍ സ്ക്രീനിംഗ് ടെസ്റ്റുകളും സൗജന്യമായി ലഭ്യമാണ്.
ജീവിതശൈലിയില്‍ മാറ്റം വരുത്തി കാന്‍സര്‍ രോഗ പ്രതിരോധം തീര്‍ക്കുകയും ബോധവത്കരണത്തിലൂടെയും മുന്‍കൂട്ടിയുള്ള രോഗനിര്‍ണ്ണയത്തിലൂടെയും പ്രാരംഭഘട്ടത്തില്‍ തന്നെ സമയബന്ധിതമായ ഇടപെടലും കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യലാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9645001472, 7902793097 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.