ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയുണ്ടാവും

തിരുവനന്തപുരം: ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സര്‍ക്കാരിന്റെ ആലോചനയില്‍. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മൊഴികള്‍ സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്ന് മുന്‍ സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ പ്രതികരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നാണ് വിശദീകരിച്ചത്. കോടതി നിര്‍ദ്ദേശ പ്രകാരം ഈ മൊഴികള്‍ പുറത്തു വന്നാല്‍ പോലീസ് കേസെടുക്കും. ഇതിന് പുറമേ പരാതിയുള്ളവര്‍ നേരിട്ട് സമീപിച്ചാലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങും.

തുടര്‍ നടപടികള്‍ എടുക്കണമെന്ന സിപിഎം നിലപാടും സര്‍ക്കാരിനെ സ്വാധീനിക്കും. സ്ത്രീപക്ഷത്തെ സര്‍ക്കാരുമായും സിപിഎമ്മുമായും കൂടുതല്‍ അടുപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്ന വിലയിരുത്തല്‍ ഇടതുപക്ഷത്തെ പലര്‍ക്കുമുണ്ട്. എത്ര വമ്പന്മാരായാലും നടപടി എടുക്കണമെന്നതാണ് അവരുടെ നിലപാട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമോപദേശം അടക്കം തേടിയിട്ടുണ്ട്. മൊഴികള്‍ പൊതുസമൂഹത്തിലെത്തിയാല്‍ കേസെടുക്കേണ്ടി വരുമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍.

സിനിമയിലെ വന്‍തോക്കുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന പ്രചരണം നടക്കുന്നുണ്ട്. ഇതിനെ വിവരാവകാശ കമ്മീഷണറുടെ പഴയ തീരുമാനം ഉയര്‍ത്തി ചെറുക്കാനാണ് സിപിഎം തീരുമാനം. മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന വിന്‍സന്റ് എം പോള്‍ റിപ്പോര്‍ട്ട് കൊടുക്കരുതെന്നായിരുന്നു ആദ്യം ഉത്തരവിട്ടത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പുതുതായി എത്തിയ കമ്മീഷണര്‍ ഡോ എ അബ്ദുള്‍ ഹക്കീമിന്റെ നിലപാട് മാറ്റമുണ്ടായത്.

തുടര്‍ന്ന് കോടതിയിലെ സാങ്കേതികത്വങ്ങള്‍ കഴിഞ്ഞതോടെ റിപ്പോര്‍ട്ട് പുറത്തു വിട്ടു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ചയൊന്നും വന്നിട്ടില്ലെന്നാണ് സിപിഎം വിലയിരുത്തലും. അതുകൊണ്ട് തന്നെ തുടര്‍ നടപടികളിലൂടെ സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയര്‍ത്തുന്നതാണ് പ്രധാനമായും പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *