തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ചികിത്സയിലായിരുന്ന മാതാവ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഷെമിയെ ആദ്യമൊന്നും ഇളയമകൻ കൊല്ലപ്പെട്ടതോ അതിനുപിന്നിൽ മൂത്ത മകനാണെന്നോ അറിയിച്ചിരുന്നില്ല. പിന്നീട് അഫാന്റെ പിതാവ് റഹീമാണ് സംഭവങ്ങൾ ഷെമിയെ അറിയിച്ചത്. ഒരു സിനിമയിൽ നടക്കുന്ന പോലുളള സംഭവ വികാസങ്ങളായിരുന്നു ഷെമിയുടെയും റഹീമിന്റെയും ജീവിതത്തിൽ നടന്നത്.
ഇപ്പോഴിതാ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് റഹീം. അഫാനെ കാണാൻ ആഗ്രഹമില്ലെന്ന് റഹീം മുൻപ് തന്നെ അറിയിച്ചിരുന്നു. മകൻ കാരണുണ്ടായ നഷ്ടം വലുതാണെന്നും ഭാര്യ സുഖം പ്രാപിച്ചതിൽ ആശ്വാസമുണ്ടെന്നുമാണ് റഹീം പറയുന്നത്. മകന്റെയും ബന്ധുക്കളുടെയും കൊലപാതകത്തിന് പിന്നിൽ അഫാനാണെന്ന് പറഞ്ഞപ്പോൾ ഭാര്യ വിശ്വസിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു. ഒരു പാറ്റയെ പോലും പേടിയായിരുന്ന അഫാൻ എങ്ങനെയാണ് ഈ ക്രൂരകൃത്യങ്ങൾ ചെയ്തതെന്നും ഷെമി ചോദിച്ചെന്ന് റഹീം സങ്കടത്തോടെ പറഞ്ഞു.’സാമ്പത്തികപ്രതിന്ധി മൂലം ഇനി എന്തുചെയ്യണമെന്ന് അറിയില്ല. സൗദിയിൽ രണ്ട് ദിവസം ജയിലിൽ കിടന്നതിനുശേഷം ഒരു പൈസ പോലുമില്ലാതെയാണ് നാട്ടിലെത്തിയത്. ഗൾഫിലേക്ക് ഇനി തിരികെ പോകുന്നില്ല. മക്കൾക്ക് വേണ്ടിയാണ് ജീവിച്ചത്.
ഇപ്പോൾ അവരില്ല. ഗൾഫിൽ പത്ത് ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ട്. എന്റെ അറിവിൽ ഇവിടെയും പത്ത് ലക്ഷത്തിന്റെ ബാദ്ധ്യത ഉണ്ട്. 60 ലക്ഷം രൂപയുടെ കടമുണ്ടെന്ന് പറയുന്നതിനെക്കുറിച്ച് അറിയില്ല.ബാങ്കിലെ ബാദ്ധ്യതയുണ്ട്. ചിട്ടി നടത്തിയതുമായി ബന്ധപ്പെട്ട് സഹോദരന് ഷെമി 75,000 രൂപ കൊടുക്കാനുണ്ടായിരുന്നു. ഉമ്മയുമായി സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിരുന്നില്ല. ഭാര്യ ഷെമിയും അഫാനും തട്ടത്തുമലയിലെ ബന്ധുവിൽ നിന്ന് പലിശയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് വാങ്ങിയത്. അഞ്ചര ലക്ഷം രൂപ പലിശ മാത്രമായി തിരികെ നൽകി. പലിശ കൃത്യസമയത്ത് നൽകിയില്ലെങ്കിൽ വിളിച്ച് ഭീഷണിപ്പെടുത്തുമായിരുന്നു. അവരെ കൊല്ലാൻ അഫാൻ തീരുമാനിച്ചിരുന്നതായും മൊഴി നൽകിയിട്ടുണ്ട്.ഇനി അഫാനെ കാണണ്ട. അവൻ കാരണം ഇളയമകൻ, ഉമ്മ, ചേട്ടൻ, ചേട്ടന്റെ ഭാര്യ എല്ലാവരെയും എനിക്കു നഷ്ടമായി. അഫാനോട് ഉമ്മയ്ക്ക് വലിയ സ്‌നേഹമായിരുന്നു. അവൻ കാണാൻ പോകുമ്പോൾ ഉമ്മ പണം കൊടുക്കുമായിരുന്നു. എന്റെ രണ്ടു മക്കളെയും വലിയ സ്‌നേഹത്തോടെയാണ് ഉമ്മ വളർത്തിയത്. കൊലപാതകങ്ങൾ നടക്കുന്നതിന് മുൻപുളള ദിവസങ്ങളിലും അഫാനോട് സംസാരിച്ചിരുന്നു.
വസ്തു വിറ്റ് ബാദ്ധ്യത തീർക്കാമെന്നു പറഞ്ഞിരുന്നു. അതിനു പലരെയും അവൻ കൊണ്ടുവന്നിരുന്നു. ഫർസാനയെക്കുറിച്ച് അറിഞ്ഞപ്പോൾ അവനോടു ചോദിച്ചു. ഒന്നുമില്ലെന്നാണ് ആദ്യം പറഞ്ഞത്. ഇഷ്ടമാണെങ്കിൽ എന്തെങ്കിലും ജോലി കിട്ടിയതിനുശേഷം വിവാഹം നടത്താമെന്നും പറഞ്ഞകതാണ്.ഇളയ മകനാണ് ഫർസാനയുടെ ഫോട്ടോ അയച്ചു തന്നത്. അവളുടെ വീട്ടിൽ പോയി മാതാപിതാക്കളെ കാണണമെന്നുണ്ട്. തെറ്റ് ചെയ്തത് എന്റെ മകനാണ്. പക്ഷേ അവർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല.അഫാന് അഫ്‌സാനോട് വലിയ സ്‌നേഹമായിരുന്നു. ഞാൻ ആറ് വർഷം കഴിഞ്ഞാണ് മടങ്ങിവന്നത്. അതിന്റെ കുറവൊന്നും വരുത്താതെയാണ് അഫ്‌സാനെ നോക്കിയിരുന്നത്. എപ്പോഴും ബൈക്കിൽ കൊണ്ടുപോകുകയും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും അവൻ എന്തിനാണ് ഇതൊക്കെ ചെയ്തതെന്ന് അറിയില്ല’- റഹീം പറഞ്ഞു.