ക്യാബിനിൽ പുക മണം അനുഭവപ്പെട്ടതോടെ എയർഇന്ത്യ വിമാനം നിലത്തിറക്കി

ചെന്നൈ: ക്യാബിനിൽ പുക മണം അനുഭവപ്പെട്ടതോടെ എയർഇന്ത്യ വിമാനം നിലത്തിറക്കി. മുംബയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയർഇന്ത്യയുട എഐ 639 വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനം സുരക്ഷിതമായി മുംബയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർഇന്ത്യ വക്താവ് അറിയിച്ചു.

അപ്രതീക്ഷിത തടസം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാൻ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നൽകിയെന്നും അധികൃതർ ഇന്നലെ രാത്രി വ്യക്തമാക്കി.

വെളളിയാഴ്ച രാത്രി 11. 50നാണ് വിമാനം പറന്നുയർന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനുശേഷം സാങ്കേതിക തകരാർ കാരണം വിമാനം മുംബയിലേക്ക് തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. രാത്രി 12.47ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.