തിരുവനന്തപുരം: എം ആര് അജിത് കുമാര്‍ പിണറായിക്കും ആര് എസ് എസിനുമിടയിലെ ദൂതനാണെന്ന് പ്രതിപക്ഷ നേതാവ്. എഡിജിപി എംആര്‍ അജിത്കുമാറും ആര്‍എസ്എസ് നേതാവ് ദത്തത്രേയ ഹൊസബെലയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ വിവരം സ്ഥിതീകരിച്ചതിന് പിന്നാലെയാണ് വി ഡി സതീശന് വിമര്‍ശനം കടുപ്പിച്ചത്.
എംവി ഗോവിന്ദന് മുഖ്യമന്ത്രിയെ കഴിവില്ലാത്തവനാക്കി കാട്ടി അപമാനിക്കുകയാണ്. അജിത്തിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നാണ് ഗോവിന്ദന് പറഞ്ഞതിന്റെ അര്‍ത്ഥം. അതാണ് ഭരണ തലത്തിലാണ് നടപടി വേണ്ടതെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞത്. കുഴല്‍പ്പണ കേസ് സെറ്റില്‍ ചെയ്തതിന്റെ നന്ദി പ്രകടനമാണ് സുരേന്ദ്രന് നടത്തുന്നത്. പിവി അന്‍വറും ആരോപണങ്ങള്‍ മുഖ്യനെ ലക്ഷ്യം വെച്ചാണ് ഉയര്‍ത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൊലീസിനെക്കൊണ്ട് പൂരം കലക്കിയെന്നും വി ഡി സതീശന് പറഞ്ഞു. ഇക്കാര്യങ്ങള്‍ താന്‍ നേരത്തെ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ അത് ശരിയാണെന്ന് വ്യക്തമായില്ലേ എന്നും അദ്ദേഹം ചോദിച്ചു. പല കേസുകളും ഒത്തുതീര്‍പ്പാക്കാന്‍ ബെഹ്റയെ മുമ്പ് പിണറായി ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇതും. സിപിഎം- ബിജെപി അവിഹിത ബാന്ധവമുണ്ടെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. പിണറായിക്ക് എതിരെയുള്ള അന്വേഷങ്ങളില്‍ ഒരു പ്രത്യേക പ്രിവിലേജ് കേന്ദ്രം നല്‍കുന്നുണ്ട് എന്നത് വ്യക്തമാണ്. മുഖ്യമന്ത്രി പറഞ്ഞിട്ടല്ല അജിത്കുമാര്‍ പോയതെങ്കില്‍ ഇക്കാര്യം അറിയുമ്പോള്‍ വിശദീകരണം ചോദിക്കില്ലേ എന്നും അദ്ദേഹം ചോദ്യം ഉയര്‍ത്തി.
ഒരുപാട് രഹസ്യങ്ങള്‍ അറിയുന്നതു കൊണ്ടാണ് എഡിജിപിയെയും പി ശശിയെയും മാറ്റാന്‍ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്നും സതീശന് കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ ഓഫീസിലെ ഉപജാപകസംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതനും ഉണ്ട്. അതുകൊണ്ടാണ് ഈ കൊട്ടാര വിപ്ലവം നടക്കുന്നതെന്നും വിഡി സതീശന് വിമര്‍ശിച്ചു. രണ്ടു പേരുടെ പേര് പുറത്തു വന്നു കഴിഞ്ഞു. മൂന്നാമനായ മന്ത്രിയുടെ പേരും വൈകാതെ പുറത്തു വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.