തിരുവനന്തപുരം: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്. ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡല്‍ കമ്മ്യൂണിസമെന്നും ‘തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്നതിനെക്കാള്‍ തൊഴിലാളി വിരുദ്ധ പാര്‍ട്ടി’യെന്നതാണ് സിപിഎമ്മിന് ചേരുന്ന തലവാചകമെന്നും മുരളീധരന് വിമര്‍ശിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമര്‍ശനം.
സമരങ്ങളുടെ പേരില്‍ നിയമസഭയടക്കം കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച ചരിത്രമുള്ള പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരാണ് പ്രതിഷേധ ബാഡ്ജ് ധരിച്ചതിന് തൊഴിലാളിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചത്. പണിമുടക്കിയല്ല, പണിയെടുത്തു കൊണ്ടാണ് അഖില എസ്.നായര്‍ പ്രതിഷേധിച്ചത്. തൊട്ടതിനും പിടിച്ചതിനും ദേശീയപണിമുടക്ക് പ്രഖ്യാപിച്ച് ജനത്തെ പെരുവഴിയിലാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണ്ടു പഠിക്കേണ്ട പ്രതിഷേധ രീതിയാണ് ഇതെന്നും മുരളീധരന് പറഞ്ഞു.