സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പ് ഹൗസ്കീപ്പിംഗ് വിഭാഗത്തിലെ അഡീഷണൽ സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റുമായ പി. ഹണി വ്യാജ രേഖയുണ്ടാക്കി ആക്രി വ്യാപാരത്തിലൂടെ സര്‍ക്കാര്‍ പണം അപഹരിച്ചെടുത്തു എന്ന പരാതി വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിലെ ആക്രി സാധനങ്ങൾ സ്വന്തം ഇഷ്ടപ്രകാരം സെക്രട്ടേറിയറ്റിനു പുറത്തു കൊണ്ടുപോയി വിൽക്കാൻ ഈ ഉദ്യോഗസ്ഥൻ കൂട്ടുനിന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ദിവസ വേതനക്കാരായ ജീവനക്കാരെ മറയാക്കി ലക്ഷങ്ങളാണ് ആക്രി കച്ചവടത്തിൽ കൂടി കൈമറിഞ്ഞത്. ഇടതു സംഘടനാ നേതാവിന്റെ താല്പര്യപ്രകാരം ആണ് ദിവസ വേതനത്തിൽ ഒരാളെ നിയമിച്ചത്.
കരമനയിൽ ആക്രി കച്ചവടം നടത്തുന്ന വ്യക്തിയുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ ഉത്തരവ് തയ്യാറാക്കിയാണ് ആക്രി സാധനങ്ങൾ കടത്തിയിരുന്നത്. ഗവർണറെ പൊതുനിരത്തിൽ ഭീഷണിപെടുത്തി പ്രകോപനമുദ്രാവക്യം വിളിച്ചതിനെതിരെയും, സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഭാരതത്തിന്റെ രാഷ്ടപതിയുടെ ചിത്രം സ്ഥാപിക്കാത്തതിനുപിന്നിലും ഈ ഉദ്യോഗസ്ഥനാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ ദേശീയ പതാകയെ അപമാനിച്ച് ഫ്ലക്സ് സ്ഥാപിച്ചതിനെതിരെയും ഇദ്ദേഹത്തിനെതിരെ പരാതിയുണ്ടായിരുന്നു.
സെക്രട്ടേറിയറ്റിലെ പിന്‍വാതില്‍ നിയമനങ്ങളിലും ഇടതു സംഘടനാ നേതാവിന്റെ സ്വാധീനമുണ്ട്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ഇയാള്‍ ഹൗസ്കീപ്പിംഗ് വിഭാഗത്തിലാണ് ജോലിചെയ്യുന്നത്. അഞ്ചു വര്‍ഷത്തിലധികമായി ഒരേ സെക്ഷനില്‍ ജോലിചെയ്യുന്നവരെ സ്ഥലം മാറ്റണം എന്ന മാനദണ്ഡം പോലും ഈ നേതാവിന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ല.
ഇടതു സംഘടനയുടെ ഭരണത്തിലുള്ള സെക്രട്ടേറിയറ്റിലെ സഹകരണസംഘവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകളും സംഘടനയ്ക്കായി ഭൂമി വാങ്ങി കെട്ടിടം നിര്‍മ്മിച്ചതിലും അഴിമതി നടന്നതായുള്ള പരാതിയും ഈ സംഘടനാ നേതാവുമായി ബന്ധപ്പെട്ടതാണ്. ഈ ആയതിനാല്‍ സമൂലമായ ഒരന്വേഷണം നടത്തി ഹണി.പി നടത്തിയ അഴിമതികള്‍ പുറത്തു കൊണ്ടു വരേണ്ടതാണെന്ന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ആകാശ് രവിയും ജനറല്‍ സെക്രട്ടറി ടി.ഐ. അജയകുമാറും ആവശ്യപ്പെട്ടു.