ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ എല്ലാം അക്കൗണ്ടുകളും പരിശോധിക്കണം; രമേശ് ചെന്നിത്തല

ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്ണമോഷണത്തില് ഉണ്ണികൃഷ്ണന് പോറ്റിയുടെ എല്ലാ അക്കൗണ്ടുകളും പരിശോധിക്കണമെന്ന് രമേശ്ചെന്നിത്തല.ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ കൊടുത്ത വസ്തുതകളെല്ലാം പ്രതിപക്ഷം നേരത്തെ പറഞ്ഞകാര്യങ്ങളാണ്. ഹൈക്കോടതി ബെഞ്ചിന്റെ അനുവാദം തേടാതെയാണ് വാതില്‍പ്പടികളും ദ്വാരപാലക ശില്പങ്ങളും ഇളക്കിക്കൊണ്ട് പോയത്. അത് ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ അത് നടക്കില്ലെന്നും ഇതിന് പിന്നില്‍ വന്‍ സ്രാവുകള്‍ ഉണ്ട്,അവരെ എന്തുകൊണ്ടാണ് പിടിക്കാത്തതെന്നും രമേശ്ചെന്നിത്തല വ്യക്തമാക്കി.
സര്‍ക്കാര്‍ കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ശബരിമലയില്‍ സ്വര്‍ണ മോഷണം നടത്തിയത് ദേവസ്വം മന്ത്രിയും പ്രസിഡന്റ്റും അറിഞ്ഞുകൊണ്ടാണ്. ഇക്കാര്യത്തില്‍ ശരിയായ അന്വേഷണമാണ് നടത്തേണ്ടത് ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങളാണ് പുറത്തുവരുന്നത്. ഹൈക്കോടതി ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളിയിലെ സ്വര്‍ണ്ണം ഉരുക്കിയെന്നതാണ് ഏറ്റവും വിജിലന്‍സിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍. ഉരുക്കിയ സ്വര്‍ണ്ണം ഉണ്ണികൃഷ്ണന് പോറ്റിയുടെ പക്കലെന്നും ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ചേര്‍ന്നാണ് ഈ തട്ടിപ്പ് ഉണ്ണികൃഷ്ണന് പോറ്റി നടത്തിയത്.
വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് ട്വന്റിഫോറിനോട് പ്രതികരിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണ്. മാധ്യമങ്ങളെ കാണാന്‍ താത്പര്യം ഇല്ലെന്ന് സ്മാര്‍ട്ട് ക്രീയേഷന്‍സ് വൈസ് പ്രസിഡന്റ് മുരളി വ്യക്തമാക്കി.