ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ അമ്മ സംഘടന

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെ സ്വാഗതാർഹമാണ്. അതിലെ ശുപാർശകളെല്ലാം നടപ്പിൽവരുത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്നത് അമ്മയെ അല്ല. മാദ്ധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിറുത്തുന്നതിൽ വിഷമമുണ്ടെന്നും തെറ്റുചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ അമ്മ ഒളിച്ചോടിയതല്ല. ഷോയുടെ തിരക്കുള്ളതിനാലാണ് പ്രതികരിക്കാൻ വൈകിയത്. പവർഗ്രൂപ്പ് ഉള്ളതിനെക്കുറിച്ച് അറിയില്ല. ഒരു പവർഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനാവില്ല. പവർഗ്രൂപ്പും മാഫിയയും ഇല്ല. മാഫിയ എന്നത് എന്താണെന്ന് അറിയാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത്. പവർഗ്രൂപ്പിൽ ആരൊക്കെയെന്ന് കമ്മിറ്റിക്ക് പറയാം. പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നില്ല. കമ്മിറ്റി റിപ്പോർട്ടിൽ ഏതെങ്കിലും കുറ്റവാളിയെക്കുറിച്ച് പറയുന്നുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികൾ അല്ലാത്തവരെ നാണംകെടുത്തരുത്. സംഘടനയിൽ ഭിന്നതയില്ല’ സിദ്ദിഖ് പറഞ്ഞു. ജോമോൾ, ജയൻ ചേർത്തല, വിനുമോഹൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു