തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരം? യുവാവ് മരിച്ചത് രോഗം ബാധിച്ചെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്തും അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഈ യുവാവിന്റെ സാമ്പിൾ നാളെ പരിശോധനയ്ക്ക് അയക്കും. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് യുവാക്കൾ. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയിലുള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്. 

നേരത്തെ കോഴിക്കോട്ടും കുട്ടികൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. രോഗം ഉണ്ടാക്കുന്ന അമീബ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്നവയാണ്. അത്യപൂർവ രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്. രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തിൽ എത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്. തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതേസമയം  രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ലെന്നാണ് വിദഗ്ധർ പറയുന്നത്. 

എടുക്കേണ്ട മുൻകരുതൽ എന്തൊക്കെ?

1. വൃത്തിഹീനമായ വെള്ളക്കെട്ടുകളിൽ കുളിക്കാതിരിക്കുക

2. ചെറിയ കുളങ്ങൾ, കിണറുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുക

3. ജലാശയങ്ങളിൽ കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക

Leave a Reply

Your email address will not be published. Required fields are marked *