ആലത്തൂരില്‍ മത്സരിച്ച് പരാജയപ്പെട്ട രമ്യ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃ തലത്തില്‍ ധാരണ

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ മത്സരിച്ച് പരാജയപ്പെട്ട രമ്യ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃ തലത്തില്‍ ധാരണ. വനിതയാണെന്നതും ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കനല്‍ത്തരിയായ കെ. രാധാകൃഷ്ണനെ സ്വന്തം മണ്ഡലത്തില്‍ വിറപ്പിച്ച് വോട്ട് നേടിയതാണ് രമ്യഹരിദാസിന്റെ പ്രകടനം. ഇതാണ് അനുകൂലഘടകമായി നേതൃത്വം കാണുന്നത്. വനിതയാണെന്നതും പ്രധാനം തന്നെ.

കെ.രാധാകൃഷ്ണന് പകരക്കാരനായി എത്തുന്നയാള്‍ രാധാകൃഷ്ണനോളം ശക്തനാവില്ലെന്നതിനാല്‍ മണ്ഡലം ഒന്ന് ശ്രമിച്ചാല്‍ പിടിച്ചടക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ലോകസഭാ തെരഞ്ഞെടുപ്പിലെ തൃശൂര്‍ മണ്ഡലത്തിലെ മൂന്നാം സ്ഥാനത്തേക്ക് പോയുള്ള തോല്‍വിയുടെ ആഘാതത്തില്‍ നിന്നും മറികടക്കാന്‍ ഉറച്ച ചെങ്കോട്ടയായ ചേലക്കരയെ പിടിക്കണമെന്നതാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ജില്ലയിലെ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം.

ചേലക്കരയില്‍ വിജയിക്കാനായില്ലെങ്കില്‍ തൃശൂരിലെ തോല്‍വി കൂടാതെ ഏറെനാളായി ജില്ലയിലെ കോണ്‍ഗ്രസിനകത്തെ തമ്മിലടിയില്‍ കടുത്ത നടപടിയുണ്ടാവുമെന്നാണ് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജില്ലക്ക് പുറത്ത് നിന്നുള്ളവരെ അംഗീകരിക്കില്ലെന്ന് രമ്യഹരിദാസിനെതിരെ പ്രാദേശിക കമ്മിറ്റികള്‍ പ്രതിഷേധ പോസ്റ്ററുകളും യോഗങ്ങളും ചേര്‍ന്ന് എതിര്‍പ്പ് അറിയിച്ചിരുന്നു. ജില്ലയില്‍ നിന്ന് തന്നെ കെ.പി.സി.സി സെക്രട്ടറിമാരായിരുന്ന കെ.ബി. ശശികുമാര്‍, എന്‍.കെ. സുധീര്‍, ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമാരുമായ കെ.വി ദാസന്‍, സി.സി ശ്രീകുമാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് മോഹന്‍, ശ്രീലാല്‍ ശ്രീധര്‍ എന്നിവരും സീറ്റിനായി ശ്രമം നടത്തുന്നുണ്ട്.

എന്നാല്‍ പ്രാദേശിക എതിര്‍പ്പ് ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുമെന്നും രമ്യഹരിദാസിനെ പുതിയതായി പരിചയപ്പെടുത്തേണ്ടതില്ലെന്നും വനിതയെന്നത് കൂടി കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സീറ്റ് പിടിച്ചെടുക്കാമെന്നതാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തിയത്. ഇതിനായി ഹൈക്കമാന്‍ഡ് നേതൃത്വമായി രമ്യ ഹരിദാസുമായി ബന്ധപ്പെട്ടവര്‍ തന്നെ സമ്മര്‍ദം ചെലുത്തുകയും ചെയ്തിട്ടുണ്ട്.

പ്രിയങ്കഗാന്ധിയുമായാണ് രമ്യ ഹരിദാസിന് വേണ്ടിയുള്ള ശ്രമം നടന്നത്. വയനാട്ടില്‍ പ്രിയങ്ക മത്സരിക്കുന്ന സാഹചര്യത്തില്‍ ഈ ആവശ്യത്തെ പിന്തുണക്കുമെന്നാണ് നേതൃത്വം പറയുന്നത്. ആലത്തൂരിനെ കെ. രാധാകൃഷ്ണനിലൂടെ പിടിച്ചെടുത്തെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ സ്വന്തം മണ്ഡലമായ ചേലക്കരയില്‍ രാധാകൃഷ്ണന് 23000ത്തോളം വോട്ടുകള്‍ കുറഞ്ഞതായാണ് കണക്ക്.

യു.ഡി.എഫ് തരംഗം ആഞ്ഞ് വീശിയ തെരഞ്ഞെടുപ്പിലാണ് ആലത്തൂരില്‍ രാധാകൃഷ്ണന്‍ വിജയിച്ചത്. ഇതാകട്ടെ രാധാകൃഷ്ണന്റെ വ്യക്തിമികവായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
1996ല്‍ കെ. രാധാകൃഷ്ണനാണ് ചേലക്കരയെ ചുവപ്പണിയിച്ചത്. പിന്നീടിങ്ങോട്ട് ഒരിക്കല്‍ പോലും വിട്ടു കൊടുത്തിട്ടില്ലെന്ന് മാത്രമല്ല, കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം ഉയര്‍ത്തുകയും ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജില്ലയില്‍ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു കെ. രാധാകൃഷ്ണന് ചേലക്കരയില്‍ ലഭിച്ചത്. 39400 വോട്ടുകള്‍ നേടിയാണ് രാധാകൃഷ്ണന്‍ വിജയിച്ചത്.

ആലത്തൂരെന്ന ചെങ്കോട്ട തകര്‍ന്ന് വീണ 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ് ചേലക്കര നിയോജകമണ്ഡലത്തില്‍ ഭൂരിപക്ഷം നേടിയത് 23,695 വോട്ടായിരുന്നു. ഇത്തവണ രാധാകൃഷ്ണന് നിയോജകമണ്ഡലത്തില്‍ ലഭിച്ചത് 5173 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്. ഇത് സി.പി.എമ്മിനെ ആശങ്കയിലാക്കുന്നുണ്ട്.

അരയും തലയും മുറുക്കി കോണ്‍ഗ്രസ് സീറ്റ് പിടിക്കാനിറങ്ങുമ്പോള്‍ രാധാകൃഷ്ണന് സമാനമായ വ്യക്തിമികവുള്ള ഒരാളെ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് സി.പി.എമ്മിന് മുന്നിലുള്ളത്. മുന്‍ എം.എല്‍.എ യു.ആര്‍ പ്രദീപ് തന്നെയാണ് സ്ഥാനാര്‍ത്ഥിയാവുകയെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. അതേ സമയം പെട്ടെന്ന് കുതിച്ചുയര്‍ന്ന ബി.ജെ.പിയുടെ വോട്ട് നേട്ടവും ഇരു മുന്നണികളെയും ആശങ്കയിലാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *