കോഴിക്കോട്∙ ബെംഗളൂരു–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘നവകേരള ബസ്’ ഈ മാസം ലാഭത്തിൽ ഓടിയത് ഒറ്റ ദിവസം മാത്രം. ജൂലൈ ഒന്നു മുതലുള്ള കണക്കെടുത്താൽ ഏഴിന് മാത്രമാണ് ബസ് ലാഭത്തിൽ ഓടിയത്. ആളില്ലാത്തതിനെത്തുടർന്ന് ബുധനും വ്യാഴവും സർവീസ് നടത്തിയില്ല.
നവകേരള ബസ്സിന്റെ കോഴിക്കോട് ബെംഗളൂരു ടിക്കറ്റ് നിരക്ക് 1240 രൂപയാണ്. ഓൺലൈനായി ബുക്ക് ചെയ്താൽ 1256 രൂപയാകും. ആകെയുള്ളത് 25 സീറ്റ്. രണ്ട് ട്രിപ്പിലും യാത്രക്കാർ നിറഞ്ഞാല്‍ 62,000 രൂപ കെഎസ്ആർടിസിക്ക് കിട്ടും. ഡീസലും ജീവനക്കാരുടെ ശമ്പളവും അടക്കം ഒരുതവണ ബസിന് ചെലവ് നാൽപതിനായിരത്തോളം രൂപ. 45,000 രൂപയെങ്കിലും കിട്ടിയാൽ സർവീസ് സുഗമമായി നടത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഈ മാസം നാൽപതിനായിരത്തിന് മുകളിൽ കലക്ഷൻ കിട്ടിയത് രണ്ട് ദിവസം മാത്രമാണ്. സീറ്റ് നിറഞ്ഞ് ഓടിയ ഒറ്റ ദിവസം പോലുമില്ല. ജൂലൈ ഒന്നിന് ബെംഗളൂരുവിലേക്ക് 13 പേര്, കോഴിക്കോട്ടേക്ക് എട്ട്. വരുമാനം 22,357 രൂപ. അവസാനം സര്‍വീസ് നടത്തിയ ചൊവ്വാഴ്ച, ബെംഗളൂരുവിലേക്ക് 10, കോഴിക്കോട്ടേക്ക് മൂന്ന് പേര്. വരുമാനം 14,760 രൂപ. മറ്റ് ബസുകള്‍ക്ക് ടിക്കറ്റ് ചാര്‍ജ് 700 രൂപയുള്ളപ്പോഴാണ് നവകേരളബസില് 1240 രൂപ.
ഏതു സ്റ്റോപ്പില്‍നിന്ന് എവിടേക്ക് കയറിയാലും ഈ നിരക്ക് നൽകണം. അശാസ്ത്രീയ സമയക്രമമാണ് മറ്റൊന്ന്. പുലര്‍ച്ചെ നാലുമണിക്ക് കോഴിക്കോട് വിടുന്ന ബസില്‍ കയറാന്‍ മിക്കപ്പോഴും ആരുമുണ്ടാകില്ല. ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പുറപ്പെടുന്നത്. എന്നാൽ ഇപ്പോഴത്തെ നഷ്ടം താത്കാലികമാണെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. ബെംഗളൂരു സർവീസ് നടത്തുന്ന എല്ലാ ബസുകളിലും ആളുകൾ കുറവാണ്. വാരാന്ത്യങ്ങളിലും സീസൺ സമയത്തും മികച്ച ലാഭത്തിൽ സർവീസ് നടത്താൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.